പശുക്കടത്തെന്നു സംശയിച്ച് വിദ്യാർഥിയെ വെടിവച്ചു കൊന്ന സംഭവം: അഞ്ചു പേർ അറസ്റ്റിൽ
Wednesday, September 4, 2024 2:35 AM IST
ന്യൂഡൽഹി: പശുക്കടത്തുകാരനെന്ന് സംശയിച്ചു ഹരിയാനയിൽ പ്ലസ് ടു വിദ്യാർഥിയെ വെടിവച്ചു കൊന്ന സംഭവത്തിൽ ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 23നു നടന്ന കൃത്യത്തിൽ ഫരീദാബാദ് സ്വദേശി ആര്യൻ മിശ്രയാണ് കൊല്ലപ്പെട്ടത്.
അറസ്റ്റിലായ അനിൽ കൗഷിക്, വരുണ്‍, കൃഷ്ണ, അദേശ്, സൗരഭ് എന്നിവർ ഡൽഹി-ആഗ്ര ദേശീയ പാതയിലൂടെ 30 കിലോമീറ്റർ ആര്യൻ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നാണ് വെടിയുതിർത്തത്. കൃത്യം നടക്കുന്ന സമയം ആര്യനൊപ്പം കാറിൽ രണ്ട് പെണ്‍കുട്ടികൾ ഉൾപ്പെടെ നാല് സുഹൃത്തുക്കളുണ്ടായിരുന്നു.
ഫരീദാബാദിൽ ചില പശുക്കടത്തുകാർ രണ്ട് കാറുകളിൽ കറങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചു തെരച്ചിലിനിറങ്ങിയതായിരുന്നു പ്രതികൾ. അതേസമയം ആര്യനും സുഹൃത്തുക്കളും അവരുടെ കാറിൽ അത്താഴത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ദേശീയപാതയിൽ പ്രതികൾ കാർ നിർത്താനായി കൈനീട്ടിയെങ്കിലും ഇവർ നിർത്താൻ കൂട്ടാക്കിയില്ല.
ആര്യന്റെ സുഹൃത്തിനോട് വിരോധമുള്ള ആരെങ്കിലും ഗുണ്ടകളെ അയച്ചതാകുമെന്ന് കരുതി ഇവർ കാർ നിർത്താതെ പോയെങ്കിലും അക്രമികൾ പിന്തുടർന്ന് വെടിയുതിർക്കുകയായിരുന്നു. ഡ്രൈവർ സീറ്റിനരികിലിരുന്ന ആര്യനാണ് വെടിയേറ്റത്.
കാറിൽ രണ്ട് പെണ്‍കുട്ടികളെ കണ്ടതിനു ശേഷമാണ് ആളുമാറിയെന്ന് അക്രമസംഘത്തിന് മനസിലായത്. കഴുത്തിലും നെഞ്ചിലും പരിക്കേറ്റ ആര്യനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
നാല് ദിവസം മുന്‍പ് ഗോമാംസം കഴിച്ചെന്നാരോപിച്ചു ഹരിയാനയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം വിചാരണ ചെയ്തു കൊലപ്പെടുത്തിയിരുന്നു. അതേസമയം പശുക്കടത്തെന്നാരോപിച്ച് ഒരാളെ കൊല്ലാൻ ആരാണ് ആളുകൾക്ക് അധികാരം കൊടുത്തതെന്നും മോദി സർക്കാർ ഉത്തരം നൽകണമെന്നും ആര്യന്റെ പിതാവ് രോഷാകുലനായി പ്രതികരിച്ചു.