അനന്ത്നാഗിലെ ജീവത്യാഗത്തിനു കേണല്‍ മന്‍പ്രീത് സിംഗിനു കീർത്തിചക്ര
Thursday, August 15, 2024 1:25 AM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ അനന്ത്നാഗില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഭീകരുമായി ഏറ്റുമുട്ടുന്നതിനിടെ ജീവന് വെടിഞ്ഞ ആര്‍മി കേണല്‍ മന്‍പ്രീത് സിംഗിനു മരണാനന്തര ബഹുമതിയായ കീര്‍ത്തിചക്ര നല്കി രാജ്യം ആദരിക്കും.
കേണല്‍ മന്‍പ്രീത് സിംഗിനു പുറമേ റൈഫിള്‍മാന്‍ രവി കുമാര്‍, ജമ്മു കാഷ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഹിമയൂണ്‍ മുസംമില് ഭട്ട് എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി കീർത്തിചക്ര സമ്മാനിക്കും.
ഇവർക്കൊപ്പം മേജര്‍ മല്ല രാമ ഗോപാല്‍ നായിഡുവിനും രാജ്യത്തെ രണ്ടാമത്തെ വലിയ ബഹുമതി നൽകും.
സായുധസേനാംഗങ്ങള്‍ക്കും സിആര്‍പിഎഫിനും ഉള്‍പ്പെടെ 103 പുരസ്കാരങ്ങളാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചത്. 18 ശൗര്യചക്ര ബഹുമതികളും (നാലെണ്ണം മരണാനന്തര ബഹുമതി) 63 സേനാ മേഡലുകളും ഉള്‍പ്പെടെയാണിത്.