ബീജ, അണ്ഡ ദാതാവിനു കുട്ടിയുടെ മേൽ അവകാശമില്ല: ബോംബെ ഹൈക്കോടതി
Wednesday, August 14, 2024 1:50 AM IST
മുംബൈ: ബീജ, അണ്ഡ ദാതാവിനു കുട്ടിയുടെമേൽ നിയമപരമായ അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. ബീജമോ അണ്ഡമോ ദാനം ചെയ്യുന്നയാൾക്കു കുട്ടിയുടെ രക്ഷിതാവെന്ന് അവകാശപ്പെടാനാകില്ലെന്നു കോടതി വ്യക്തമാക്കി.
തന്റെ സഹോദരിയിൽനിന്നും ഭർത്താവിൽനിന്നും ഇരട്ടക്കുട്ടികളെ വിട്ടുകിട്ടുന്നതിനായി നാൽപ്പത്തിരണ്ടുകാരി നൽകിയ ഹർജിയിലാണു കോടതി വിധി. കുട്ടികളെ സന്ദർശിക്കാൻ ഹർജിക്കാരിയെ അനുവദിച്ചായിരുന്നു കോടതിയുടെ സുപ്രധാന വിധി.
ഹർജിക്കാരി ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത് സഹോദരിയുടെ അണ്ഡം സ്വീകരിച്ചായിരുന്നു. കുട്ടികൾ ഭർത്താവിനും അണ്ഡദാതാവായ ഇളയ സഹോദരിക്കുമൊപ്പമാണു കഴിഞ്ഞിരുന്നത്.
കുട്ടികളുടെ അവകാശം തന്റെ ഭാര്യക്കല്ലെന്നും നിയമപരമായ അവകാശം തനിക്കൊപ്പം താമസിക്കുന്ന ഭാര്യയുടെ ഇളയസോഹദരിക്കാണെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ, ഈ വാദം അംഗീകരിക്കാൻ ജസ്റ്റീസ് മിലിന്ദ് ജാദവിന്റെ സിംഗിൾ ബെഞ്ച് വിസമ്മതിച്ചു.
ഹർജിക്കാരിയുടെ ഇളയ സഹോദരി അണ്ഡദാതാവാണെങ്കിലും, അവർക്ക് ഇരട്ടകളുടെ ജൈവിക രക്ഷിതാവാണെന്ന് അവകാശപ്പെടാൻ നിയമപരമായ അവകാശമില്ല.
കുട്ടികൾ ഹർജിക്കാരിയുടെയും ഭർത്താവിന്റെയുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദമ്പതികൾക്ക് സ്വാഭാവികമായി ഗർഭം ധരിക്കാൻ കഴിയാതെ വന്നതോടെയാണു യുവതിയുടെ ഇളയ സഹോദരി അണ്ഡം ദാനം ചെയ്യാൻ സന്നദ്ധയായത്.
2018 ഡിസംബറിൽ സഹോദരിയിൽനിന്നും അണ്ഡം സ്വീകരിച്ച് ഹർജിക്കാരി ഗർഭം ധരിച്ചു. 2019 ഓഗസ്റ്റിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഈ വർഷം ഏപ്രിലിൽ അണ്ഡദാതാവായ യുവതിയും കുടുംബവും റോഡ് അപകടത്തിൽപ്പെടുകയും ഇവരുടെ ഭർത്താവും മകളും മരിക്കുകയും ചെയ്തു. 2021 മാർച്ച് വരെ ഹർജിക്കാരി ഇരട്ടക്കുട്ടികൾക്കും ഭർത്താവിനുമൊപ്പമാണു താമസിച്ചിരുന്നത്.
എന്നാൽ മാർച്ചിൽ കുടുംബ പ്രശ്നത്തെത്തുടർന്ന് ഭർത്താവ് കുട്ടികളുമായി മറ്റൊരു ഫ്ളാറ്റിലേക്കു മാറി. റോഡ് അപകടത്തുടർന്ന് ഭർത്താവും കുട്ടിയും മരിച്ച അണ്ഡദാതാവായ ഭാര്യാസഹോദരി വിഷാദരോഗിയായെന്നും തന്റെ ഇരട്ടക്കുട്ടികളെ പരിപാലിക്കാൻ തനിക്കൊപ്പം താമസം തുടങ്ങിയെന്നും ഹർജിക്കാരിയുടെ ഭർത്താവ് അവകാശപ്പെട്ടു.
ഇതോടെ ഹർജിക്കാരി കുട്ടികളെ സന്ദർശിക്കാൻ അവകാശം നൽകണമെന്നാവശ്യപ്പെട്ട് പോലീസിനെയും കീഴ്ക്കോടതിയെയും സമീപിക്കുകയും ചെയ്തു. 2023 സെപ്റ്റംബറിൽ കീഴ്ക്കോടതി ഇവരുടെ ഹർജി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.