ഹിൻഡൻബർഗ് : കോണ്ഗ്രസ് 22ന് ഇഡി ഓഫീസ് ഉപരോധിക്കും
Wednesday, August 14, 2024 1:50 AM IST
ന്യൂഡൽഹി: ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി കോണ്ഗ്രസ്.
കുറ്റാരോപിതയായ സെബി ചെയർപേഴ്സണ് മാധബി പുരി ബുച്ച് രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച കോണ്ഗ്രസ് 22ന് എല്ലാ സംസ്ഥാനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ഓഫീസ് ഖെരാവോ ചെയ്യുമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി അന്വേഷണം വേണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്ഗ്രസ് നേതൃത്വം നൽകും. സെബി ചെയർപേഴ്സന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും കോണ്ഗ്രസ് ആരോപിച്ചു.
രാജ്യത്തെ ഓഹരി വിപണികളുടെ വിശ്വാസ്യത മുഴുവൻ തകർക്കുന്ന വിധമാണ് മാധബി പുരി ബുച്ച് ആരോപണവിധേയയായിരിക്കുന്നത്. സമാനമായ കേസിൽ മുൻപ് സെബിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി തീർപ്പ് കല്പിച്ചത്.
സെബി ചെയർപേഴ്സണിന്റെ ഭർത്താവും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ജോയിന്റ് പാർലമെന്ററി അന്വേഷണത്തിലൂടെ മാത്രമേ ഇതിന് പരിഹാരമാകൂ എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.