നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനെ ഇഡി ചോദ്യംചെയ്തേക്കും
Tuesday, August 13, 2024 2:23 AM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ രാഹുൽ ഗാന്ധിയെ ഉടൻ വിളിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 751 കോടിയുടെ സ്വത്ത് നേരത്തേ ഇഡി കണ്ടുകെട്ടിയിരുന്നു. അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ പരാതി സമർപ്പിക്കുന്നതോടെ കേസിൽ വിചാരണ നടപടികൾ ആരംഭിക്കും.
ലോക്സഭയിൽ കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയ്ക്കിടെ നടത്തിയ ‘ചക്രവ്യൂഹ’ പ്രസംഗത്തിനു പിന്നാലെ ഇഡി തന്നെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കായി താൻ കാത്തിരിക്കുകയാണെന്നും അദേഹം സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു.
2022 ജൂണിൽ കേസുമായി ബന്ധപ്പെട്ട് നാലു തവണയായി 40 മണിക്കൂറോളം രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. 2022 ജൂലൈയിൽ സോണിയ ഗാന്ധിയെ മൂന്നു ദിവസങ്ങളിലായി 11 മണിക്കൂറും ചോദ്യം ചെയ്തു. കോണ്ഗ്രസ് ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കിടെയായിരുന്നു ഇരുവരെയും ചോദ്യം ചെയ്തത്.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് സോണിയയ്ക്കും രാഹുലിനും എതിരേ പരാതി നൽകിയത്. 2013ലാണ് സ്വാമി അന്വേഷണം ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്.