തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു
Monday, August 12, 2024 2:31 AM IST
അമരാവതി: തുംഗഭദ്ര അണക്കെട്ടിന്റെ പത്തൊന്പതാം നന്പർ ഗേറ്റ് കനത്ത ജലപ്രവാഹത്തിൽ ഒഴുകിപ്പോയതിനെത്തുടർന്ന് ഡാമിലെ അവശേഷിച്ച് 33 ഗേറ്റുകളും തുറന്ന് വെള്ളം ഒഴുക്കിവിട്ട് വൻ അപകടം ഒഴിവാക്കി.
ഇന്നലെ രാവിലെവരെ ഒരു ലക്ഷം ക്യുസെക്സ് ജലം പുറത്തേക്കുവിട്ടുവെന്നാണ് ഡാം അധികൃതർ പറയുന്നത്. സംഭവത്തെത്തുടർന്ന് കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. ഇതുവരെ ആളപായം ഉണ്ടായിട്ടില്ല. നദിയുടെ തീരപ്രദേശങ്ങളിലുള്ളവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലവിഭവവകുപ്പിന്റെ ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡാം പരിസരത്ത് പരിശോധന നടത്തി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിദഗ്ധസംഘത്തെ അയയ്ക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രിയോടെ പത്തൊന്പതാം നന്പർ ഷട്ടറിന്റെ ഗേറ്റുകൾ നിയന്ത്രിക്കുന്ന വടം പൊട്ടിയതാണ് അപകടകാരണം. കുത്തൊഴുക്ക് ഒരു ഭാഗത്ത് കേന്ദ്രീകരിച്ച് ഡാമിനു കേടുപാട് പറ്റാതിരിക്കാൻ മുഴുവൻ ഷട്ടറുകളുകളും തുറക്കുകയായിരുന്നു. കേരളത്തിൽ വലിയ ചർച്ചാവിഷയമായ മുല്ലപ്പെരിയാർ അണക്കെട്ട് പോലെ സുർക്കി മിശ്രിതം ഉപയോഗിച്ചാണു തുംഗഭദ്ര അണക്കെട്ടിന്റെ പ്രാഥമിക നിർമാണം. തുടർനിർമാണ പ്രവർത്തനങ്ങൾക്കു മാത്രമാണ് സിമന്റ് ഉപയോഗിച്ചത്. 1949ൽ പഴയ ഹൈദരാബാദും മദ്രാസും സംയുക്തമായാണ് അണക്കെട്ട് നിർമിച്ചത്. 1950ൽ മൈസൂരിന്റെയും ഹൈദരാബാദിന്റെയും പദ്ധതിയായി മാറ്റുകയും ചെയ്തു.