ഷേഖ് ഹസീനയ്ക്ക് അഭയം നൽകിയതു താത്കാലികമായി: ജയശങ്കർ
Wednesday, August 7, 2024 2:52 AM IST
സനു സിറിയക്
ന്യൂഡൽഹി: കലാപത്തെത്തുടർന്ന് രാജിവച്ചു രാജ്യംവിട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് ഇന്ത്യയിൽ സ്ഥിരമായി അഭയം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.
ഹസീന ഏതു രാജ്യത്തേക്ക് പോകുമെന്ന അനിശ്ചിതത്വം നിലനിൽക്കെയാണ് വിദേശകാര്യമന്ത്രി പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ചുസമയത്തേക്ക് ഇന്ത്യയിൽ തങ്ങാനുള്ള അനുമതി മാത്രമാണു ഹസീനയ്ക്ക് നൽകിയതെന്നും ജയശങ്കർ വ്യക്തമാക്കി.
ഹസീന പ്രധാനമന്ത്രിപദം രാജിവയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ പെട്ടെന്നാണ് ഇന്ത്യയിലേക്കു വരാൻ അനുവാദം തേടിയത്. അപേക്ഷ അംഗീകരിച്ച ഇന്ത്യ, വ്യോമമാർഗം വരുന്നതിന് ബംഗ്ലാദേശ് ഭരണകൂടവുമായി ബന്ധപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരമാണ് അവർ ഡൽഹിയിലെത്തിയത്.