ആരോഗ്യ ഇൻഷ്വറൻസിൽ ജിഎസ്ടി: പ്രതിഷേധമുയർത്തി ഇന്ത്യ മുന്നണി
Wednesday, August 7, 2024 2:52 AM IST
ന്യൂഡൽഹി: ആരോഗ്യ, ലൈഫ് ഇൻഷ്വറൻസുകൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത് മനുഷ്യത്വരഹിതമാണെന്നും കേന്ദ്ര സർക്കാരിന്റെ ഈ നടപടി പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് ഇന്ത്യ മുന്നണിയിലെ എംപിമാർ പാർലമെന്റ് അങ്കണത്തിൽ പ്രതിഷേധം നടത്തി.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്ത് കേന്ദ്രസർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. തൃണമൂൽ കോണ്ഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി തുടങ്ങി വിവിധ പാർട്ടി എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ആരോഗ്യ ഇൻഷ്വറൻസുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയത് പാർലമെന്റിലുൾപ്പെടെ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. നികുതി ഭീകരത എന്ന വിശേഷണത്തോടെയാണ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിച്ചത്. തൃണമൂൽ കോണ്ഗ്രസ് എംപിമാർ വിഷയം പാർലമെന്റിൽ അവതരിപ്പിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയും ആരോഗ്യ ഇൻഷ്വറൻസുകൾക്ക് ജിഎസ്ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
സാധാരണക്കാരുടെ ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും നികുതി ഭാരം മൂലം വ്യവസായ വളർച്ചയെ ഇത് ബാധിക്കുമെന്നും ഗഡ്കരി കത്തിൽ ചൂണ്ടിക്കാട്ടി.