എസ്സി, എസ്ടി ഉപസംവരണത്തിനെതിരേ എൻഡിഎ
Monday, August 5, 2024 1:44 AM IST
ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ഉപസംവരണത്തിന് അർഹതയുണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരേ എൻഡിഎ രംഗത്ത്. വിഷയത്തിൽ വിയോജിപ്പുമായി എൻഡിഎയിലെ ദളിത് നേതാക്കളാണു രംഗത്തെത്തിയത്. സുപ്രീംകോടതി വിധിയോടു യോജിക്കുന്നതല്ല തങ്ങളുടെ നിലപാടെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ വ്യക്തമാക്കി. തൊട്ടുകൂടായ്മയാണ് പട്ടികജാതി നിർണയത്തിന്റെ അടിസ്ഥാനമായി കണക്കാക്കിയിരിക്കുന്നത്.
എന്നാൽ കോടതി ഉത്തരവിൽ ഇക്കാര്യം പറഞ്ഞിട്ടില്ല. വിഷയത്തിൽ തീർച്ചയായും എതിർപ്പുണ്ട്. ലോക്ജനശക്തി പാർട്ടി (രാംവിലാസ്) പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യുമെന്നും ചിരാഗ് പാസ്വാൻ ഇന്നലെ വ്യക്തമാക്കി.
സംവരണത്തിനുള്ളിലെ സംവരണം എന്ന ആശയം പട്ടികജാതിക്കാരുടെ വിഷയത്തിൽ പ്രായോഗികമല്ല. ഉന്നതവിദ്യാഭ്യാസമുള്ള സന്പന്നരായ ദളിത് വിഭാഗങ്ങൾപ്പോലും ഇന്നും തൊട്ടുകൂടായ്മ നേരിടുന്നുണ്ടെന്നും ചിരാഗ് പാസ്വാൻ ചൂണ്ടിക്കാട്ടി. ബിഎസ്പി അധ്യക്ഷ മായാവതിയും വിധിയിൽ കഴിഞ്ഞദിവസം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
പട്ടികജാതി, പട്ടികവർഗക്കാരുടെ ജീവിതം വെറുപ്പിൽനിന്നും വിവേചനത്തിൽനിന്നും മുക്തമായോ? ആത്മാഭിമാനത്തോടെയും അന്തസോടെയും അവർക്കു ജീവിക്കാനുള്ള സാഹചര്യമുണ്ടോ.? എന്നതടക്കമുള്ള ചോദ്യങ്ങളാണ് മായാവതി ഉന്നയിച്ചത്.
ബിജെപി എംപിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബസവ്രാജ് ബൊമ്മെയും രാജസ്ഥാനിൽനിന്നുള്ള കോണ്ഗ്രസ് എംപി മുരാരിലാൽ മീണയും സുപ്രീംകോടതി വിധിയിൽ കഴിഞ്ഞദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.