പാർലമെന്ററി സമിതി രൂപീകരണം തുടരുന്നു
Monday, August 5, 2024 1:44 AM IST
ന്യൂഡൽഹി: പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ഉൾപ്പെടെ പ്രധാന പാർലമെന്ററി സമിതികളുടെ രൂപീകരണം അന്തിമഘട്ടത്തിൽ. തെരഞ്ഞെടുപ്പ് എന്ന മുൻകാല കീഴ്വഴക്കത്തിനു പകരം അഭിപ്രായ സമന്വയത്തിലൂടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ്.
സർക്കാരിന്റെ ചെലവുകൾ പരിശോധിക്കുന്ന പിഎസിക്കു പുറമേ പബ്ലിക് അണ്ടർടേക്കിംഗ്സ്, എസ്റ്റിമേറ്റ് കമ്മിറ്റി, പട്ടിക ജാതി പട്ടികവർഗ ക്ഷേമ സമിതി തുടങ്ങിയവ ഇത്തവണ തെരഞ്ഞെടുപ്പില്ലാതെയാണു രൂപീകരിച്ചിരിക്കുന്നത്. പാനലുകളുടെ അധ്യക്ഷന്മാരെ ലോക്സഭാ സ്പീക്കർ ഓം ബിർള ഉടൻ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.
പിഎസിയിലേക്ക് ലോക്സഭയിൽ നിന്ന് 19 നാമനിർദേശങ്ങളാണ് ലഭിച്ചത്. 15 അംഗ സമിതിയിലേക്ക് നാലുപേർ നാമനിർദേശപത്രിക പിൻവലിച്ചു. ഇതോടെ അവശേഷിച്ചവരെല്ലാം സമിതിയിൽ അംഗങ്ങളായി. രാജ്യസഭയിൽനിന്ന് ഏഴുപേരെയാണ് ഉൾപ്പെടുത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, ഡിഎംകെ നേതാവ് ടി.ആർ. ബാലു, ബിജെപി നേതാക്കളായ അനുരാഗ് താക്കൂർ, രവി ശങ്കർ പ്രസാദ്, തേജസ്വി സൂര്യ, തൃണമൂൽ നേതാവ് സൗഗത റോയി, എസ്പി നേതാവ് ധർമേന്ദ്ര യാദവ് എന്നിവർ ഇതിലുണ്ട്.
30 അംഗ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് 36 നാമനിർദേശങ്ങൾ ലഭിച്ചുവെങ്കിലും ആറുപേർ പിൻവലിച്ചു. മറ്റ് സമിതിയിൽ ഉൾപ്പെടുത്താമെന്ന സർക്കാരിന്റെ ഉറപ്പിനെത്തുടർന്നാണിത്. 15 അംഗ പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റിയിലേക്ക് 27 നാമനിർദേശങ്ങൾ ലഭിച്ചുവെങ്കിലും 12 പേർ പത്രിക പിൻവലിച്ചു. പട്ടിക ജാതി പട്ടിക വർഗ സമിതി, പിന്നാക്ക ക്ഷേമ സമിതി എന്നിവയിലെ തെരഞ്ഞെടുപ്പും അഭിപ്രായ സമന്വയത്തിലൂടെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.