മോശം കാലാവസ്ഥ: കേദാര്‍നാഥ് യാത്ര നിര്‍ത്തിവച്ചു
Saturday, August 3, 2024 2:04 AM IST
രുദ്രപ്രയാഗ്: കേദാര്‍നാഥ് രക്ഷാപ്രവർത്തനത്തിന് വ്യോമസേന ഹെലികോപ്റ്ററുകളും. വ്യോമസേനയുടെ ചിനൂക്ക്, എംഐ 17 ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ ഇതുവരെ കുടുങ്ങിക്കിടന്ന 5,000 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
എസ്ഡിആർഎഫ്, എൻഡിആർഎഫ് സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
കാലാവസ്ഥ അനുകൂലമായി തുടരുകയാണെങ്കിൽ, കുടുങ്ങിക്കിടക്കുന്ന എല്ലാ തീർഥാടകരെയും 24 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്താനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗരികുണ്ഡ്-കേദാർനാഥ് പാതയിൽ ബിംബാലിക്കപ്പുറമാണ് തീർഥാടകർ കുടുങ്ങിയത്.
കനത്ത മഴയെത്തുടർന്ന് മന്ദാകിനി നദിയിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ 20-25 മീറ്ററോളം റോഡ് ഒഴുക്കിപ്പോയതോടെയാണ് തീർഥാടകർ ഒറ്റപ്പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കേദാര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തില്‍ പതിനാലു പേര് മരിച്ചതായും പത്തു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.