ദുരന്തചർച്ചയിലും രാഷ്ട്രീയവുമായി ബിജെപി
Thursday, August 1, 2024 2:03 AM IST
ന്യൂഡൽഹി: വയനാട്ടിൽ 250ലേറെ പേരുടെ ദാരുണ മരണത്തിനിടയാക്കിയ വൻ ദുരന്തത്തിന്റെ ലോക്സഭയിലെ ചർച്ചയിൽ രാഷ്ട്രീയ മുതലെടുപ്പിനായുള്ള ആരോപണവുമായി ബിജെപി.
വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ചുള്ള കർണാടകയിൽനിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യയുടെ ആരോപണത്തെത്തുടർന്നുള്ള ബഹളത്തിൽ വയനാട് ദുരന്ത ചർച്ച 15 മിനിറ്റ് നിർത്തിവച്ച് ലോക്സഭ പിരിയേണ്ടിവന്നത് മരിച്ചവരോടുള്ള കൊടുംക്രൂരതയായി.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രത്യേക ചർച്ച തുടങ്ങിയ കെ.സി. വേണുഗോപാലും അടക്കം എല്ലാവരും രാഷ്ട്രീയം പറയാതെ ഏകസ്വരത്തിൽ സംസാരിച്ചതിനിടെയാണ് ബിജെപി എംപി മാത്രം കരുതിക്കൂട്ടി എഴുതിത്തയാറാക്കിയ കുറിപ്പുമായെത്തി പച്ചയായ രാഷ്ട്രീയക്കളി നടത്തിയത്.
ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്പീക്കർ ഓം ബിർളയുടെയും പിന്തുണയോടെയും സഹായത്തോടെയുമാണു ചട്ടം ലംഘിച്ച് രാഷ്ട്രീയ പ്രസംഗം നടത്താൻ തേജസ്വിയെ അനുവദിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ചട്ടം 197 അനുസരിച്ചു നടത്തിയ പ്രത്യേക ചർച്ചയിൽ പ്രമേയം അവതരിപ്പിക്കുന്നയാൾക്കും മറുപടി പറയാൻ മന്ത്രിക്കും മാത്രമാണ് അനുവാദമുള്ളത്. ചോദ്യം ചോദിക്കാൻ മാത്രമാണ് എംപിമാർക്കു കഴിയുക.
ചർച്ചയിൽ മറ്റെല്ലാവരെയും ഒരു മിനിറ്റിൽ ചോദ്യം ചോദിച്ച് അഭിപ്രായം അവസാനിപ്പിക്കാൻ സ്പീക്കർ നിർദേശിക്കുകയും ഏതാണ്ട് നടപ്പാക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയാരോപണങ്ങൾ അടക്കമുള്ള വിശദമായ പ്രസംഗം പൂർത്തിയാക്കാൻ തേജസ്വിയെ മാത്രം അനുവദിച്ചു.
രാഷ്ട്രീയവ്യത്യാസം മറന്ന് പാർലമെന്റും സർക്കാരുകളും പാർട്ടികളും ഒറ്റക്കെട്ടായി വയനാട്ടിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്ന് ഭരണ- പ്രതിപക്ഷ വ്യത്യാസമോ, യുഡിഎഫ്- എൽഡിഎഫ് വ്യത്യാസമോ ഇല്ലാതെ എംപിമാരും മന്ത്രിമാരും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളും സൈന്യവും ദുരന്തനിവാരണ സേനയും പൊതുജനങ്ങളും അടക്കം എല്ലാവരും കഴിയുന്നതെല്ലാം ചെയ്യുന്നുവെന്നും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും എംപിമാർ ആവർത്തിച്ചുപറയുകയും ചെയ്തു. അതിനിടെയാണ് ഇന്നലെ വൈകുന്നേരം രാഷ്ട്രീയക്കളിയുമായി ബിജെപി എത്തിയത്.
ഉരുൾപൊട്ടൽ അടക്കം പലതവണ പ്രകൃതിദുരന്തങ്ങളുണ്ടായിട്ടും വയനാട്ടിലെ എംപി ഇക്കാര്യം ലോക്സഭയിൽ ഉന്നയിച്ചിട്ടില്ലെന്നായിരുന്നു തേജസ്വിയുടെ രാഹുലിനെ മുന്നിലിരുത്തിയുള്ള കൃത്യമായി ഉന്നം വച്ചുള്ള ആരോപണം.
പശ്ചിമഘട്ട സംരക്ഷണത്തിനായി വാദിച്ച പി.ടി. തോമസിന് കോണ്ഗ്രസ് പാർട്ടി സീറ്റ് നിഷേധിച്ചുവെന്നുകൂടി തേജസ്വി പറഞ്ഞതോടെ കേരള എംപിമാരുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തേജസ്വിക്കു മാത്രം പ്രസംഗിക്കാൻ അവസരം നൽകുന്നതിനെ ചോദ്യം ചെയ്തെങ്കിലും അതും അവഗണിക്കപ്പെട്ടു.
ഉച്ചകഴിഞ്ഞ് 3.47ന് തുടങ്ങിയ ബഹളം മൂത്തതോടെ നാലിന് സഭ സ്പീക്കർ നിർത്തിവച്ചു. പിന്നീട് അമിത് ഷായും രാഹുൽ ഒഴികെയുള്ള പ്രതിപക്ഷ നേതാക്കളും സ്പീക്കറുടെ ചേംബറിലെത്തിനടത്തിയ ചർച്ചയെത്തുടർന്നാണു സഭ പുനരാരംഭിച്ചത്.
വയനാട്ടിലെ പ്രശ്നങ്ങൾ നിരവധിതവണ രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിക്കുകയും രേഖാമൂലം കത്ത് നൽകുകയും ചെയ്തിട്ടുണ്ടെന്നും തേജസ്വി കള്ളം പറയുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
സഭയെ തെറ്റിദ്ധരിപ്പിച്ചതിന് തേജസ്വി മാപ്പു പറയണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും ആരോപണമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് സ്പീക്കർ പറഞ്ഞു. പ്രസംഗം പരിശോധിക്കാമെന്ന് ഓം ബിർള ഉറപ്പുനൽകി.
ഈ സമയം സമചിത്തതയോടെ രാഹുൽ സ്വന്തം കസേരയിലിരുന്നു. വലിയ ദുരന്തത്തിൽ കേന്ദ്രം സാധ്യമായ എല്ലാ സഹായവും നൽകണമെന്നും താൻ ഇന്ന് ദുരന്തമേഖലയിലേക്കു പോകുമെന്നും രാഹുൽ പറഞ്ഞു.