പ്രീതി സുദൻ യുപിഎസ്സി ചെയർപേഴ്സൻ
Thursday, August 1, 2024 2:03 AM IST
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷ (യുപിഎസ്സി)ന്റെ പുതിയ ചെയർപേഴ്സണായി മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദനെ നിയമിച്ചു. കാലാവധി തികയുംമുന്പ് ചെയർപേഴ്സൻ സ്ഥാനം രാജിവച്ച മനോജ് സോണിക്കു പകരമാണ് പുതിയ നിയമനം.
രാഷ്ട്രപതി ദ്രൗപദി മുർമു പുതിയ നിയമനത്തിന് അംഗീകാരം നൽകി. നിലവിൽ യുപിഎസ്സി അംഗമായ പ്രീതി ഇന്ന് ചെയർപേഴ്സണായി ചുമതലയേൽക്കും. 2025 ഏപ്രിൽ 29 വരെയാണ് പുതിയ നിയമനം.
ആന്ധ്രാപ്രദേശ് കേഡർ ഓഫീസറായ പ്രീതി ആരോഗ്യ സെക്രട്ടറി ഉൾപ്പെടെ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ ഉപദേശകയായും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം നാലിനാണ് മനോജ് സോണി യുപിഎസ്സി ചെയർപേഴ്സണ് സ്ഥാനം രാജിവച്ചത്.