പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കിയതായി യുപിഎസ്സി
Thursday, August 1, 2024 2:03 AM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ഓഫീസർക്കെതിരേ കടുത്ത നടപടികളുമായി യുപിഎസ്സി. പൂജ ഖേദ്കറുടെ ഐഎഎസ് റദ്ദാക്കിയതിനു പുറമേ ഭാവിയിൽ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു.
ലഭ്യമായ രേഖകൾ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും യുപിഎസ്സി വിശദീകരിച്ചു.
പിന്നാക്കവിഭാഗം, ഭിന്നശേഷി തുടങ്ങിയ വിഭാഗങ്ങൾക്കുള്ള സംവരണത്തിലൂടെയാണ് പൂജയ്ക്ക് ഐഎഎസ് ലഭിച്ചത്. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ ഇവർക്കു ശാരീരികമോ മാനസികമോ ആയ ന്യൂനതകളില്ലെന്ന് കണ്ടെത്തിയിരുന്നു.
സ്വകാര്യമെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചതിനെത്തുടർന്ന് 2007 ൽ പൂജ സമർപ്പിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു യാതൊരു സൂചനയുമില്ലായിരുന്നുവെന്ന് ഇവർ പഠിച്ച പൂനെയിലെ കെഎൻ മെഡിക്കൽ കോളജിന്റെ ഡയറക്ടർ ഡോ. അരവിന്ദ് ബോറെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാൾ, കാഴ്ച വൈകല്യം നേരിടുന്നയാൾ എന്നിവ തെളിയിക്കാൻ നൽകിയിരുന്ന രേഖകൾ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.
അതേസമയം മുൻകൂർ ജാമ്യം തേടി പൂജ ഖേദ്കർ സമർപ്പിച്ച ഹർജിയിൽ ഡൽഹി കോടതി ഇന്നു വിധി പറഞ്ഞേക്കും. ഒരു ഓഫീസർക്കെതിരേ ലൈംഗിക പീഡനപരാതി നൽകിയതിന്റെ പേരിലാണ് തനിക്കെതിരേ ആരോപണങ്ങളുയരുന്നതെന്ന് ജാമ്യാപേക്ഷയിൽ പൂജ ഖേദ്കർ വാദിക്കുന്നു.