നഷ്ടപരിഹാരം ഉടൻ നൽകണം, കർമപദ്ധതിയും വേണം: രാഹുൽ
Wednesday, July 31, 2024 3:19 AM IST
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിനെക്കുറിച്ച് ലോക്സഭയിലും രാജ്യസഭയിലും നടന്ന ചർച്ചകൾ കേരളത്തിനും ദുരിതബാധിതർക്കും പ്രതീക്ഷ നൽകുന്നതായി. പാർലമെന്റിൽ ഇന്നലെ രാവിലെ നടന്ന ചർച്ചയിൽനിന്ന്:
രാഹുൽ ഗാന്ധി
വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പിംഗ് അടിയന്തരമായി ആവശ്യമാണ്. പരിസ്ഥിതി ലോലമായ മേഖലയിൽ വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങൾ നേരിടാൻ ലഘൂകരണ നടപടികളും കർമപദ്ധതിയും ആവിഷ്കരിക്കണം. വയനാട്ടിലെയും പശ്ചിമഘട്ടത്തിലെയും പല പ്രദേശങ്ങളിലും ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴുമുണ്ട്.
വയനാട്ടിൽ വിനാശകരമായ നിരവധി ഉരുൾപൊട്ടലുകൾ ഉണ്ടായി. ദുരന്തത്തിന്റെ വ്യാപ്തി കാരണം ജീവഹാനിയും വ്യാപകമായ നാശനഷ്ടങ്ങളും ഇനിയും വിലയിരുത്തിയിട്ടില്ല. മുണ്ടക്കൈ ഗ്രാമം വിച്ഛേദിക്കപ്പെട്ടു. പ്രതിരോധ മന്ത്രിയുമായും കേരള മുഖ്യമന്ത്രിയുമായും സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനും സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുന്നു. മരിച്ചയാളുകളുടെ ആശ്രിതർക്ക് ഉടൻ നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരം വർധിപ്പിക്കാൻ കഴിയണം.
ദുരന്തമേഖലകളിലെ സുപ്രധാനമായ ഗതാഗതവും ആശയവിനിമയ സംവിധാനങ്ങളും വേഗം പുനഃസ്ഥാപിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്രയും വേഗം സജ്ജീകരിക്കുക, ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള റോഡ് മാപ്പ് തയാറാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
ജെ.പി. നഡ്ഡ (കേന്ദ്ര ആരോഗ്യമന്ത്രി)
വയനാട്ടിലേതു വലിയ ദുരന്തമാണ്. ഇതു കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെയാകെ ദുരന്തമാണ്. രാജ്യം മുഴുവനും കേരളത്തോടൊപ്പമാണ്. പാർലമെന്റ് മുഴുവനും ആദരാഞ്ജലി അർപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള മുഖ്യമന്ത്രിയുമായി സംസാരിച്ച് എല്ലാ സഹായവും ഉറപ്പുനൽകിയിട്ടുണ്ട്. ഇനിയും വേണ്ടതെല്ലാം ചെയ്യും. ദുരിതാശ്വാസത്തിനായി കേന്ദ്ര ഏജൻസികൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സംസ്ഥാനസർക്കാരുമായി ഏകോപിപ്പിച്ചാണു പ്രവർത്തനങ്ങൾ നടക്കുന്നത്.
ദുരന്തമേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനാണു മുൻഗണന. മൃതദേഹങ്ങൾ വീണ്ടെടുക്കുകയും രക്ഷിക്കാൻ കഴിയുന്നവരെ രക്ഷിക്കുകയുമാണ് ഇപ്പോൾ പ്രാഥമികമായി ചെയ്യേണ്ടത്. ആരോഗ്യവകുപ്പിനും ആവശ്യമായ നിർദേശം നൽകി. അടിയന്തര പ്രതികരണ സംവിധാനം (എമർജൻസി റസ്പോണ്സ് സിസ്റ്റം) പ്രവർത്തനസജ്ജമാണ്.
കിരണ് റിജിജു
(കേന്ദ്ര പാർലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി)
ദുരന്തനിവാരണ സേനയും സൈന്യവും വ്യോമസേനയും അടക്കം എല്ലാവരും സംയുക്തമായി ദുരന്തമേഖലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വയനാട് ദുരന്തത്തെക്കുറിച്ച് പിന്നീട് പാർലമെന്റിൽ സർക്കാർ വിശദമായ പ്രസ്താവന നടത്താൻ തയാറാണ്. കേരളത്തിലെ ദുരന്തത്തിൽ എല്ലാവർക്കും ഒരേപോലെ ആശങ്കയുണ്ട്. രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. സഹമന്ത്രി ജോർജ് കുര്യനെ പ്രധാനമന്ത്രി വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഫണ്ടിന്റെ പ്രശ്നം ഉന്നയിക്കുന്നതിൽ കാര്യമില്ല. പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള ഫണ്ട് വർഷത്തിന്റെ തുടക്കത്തിലെ നൽകുന്നു ണ്ട്. ദുരിതബാധിതരുടെ പുനരധിവാസവും ദുരന്തമേഖലയുടെ പുനരുദ്ധാരണവും അടുത്ത ഘട്ടമാണ്.
ജി. കിഷൻ റെഡ്ഢി
(കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി)
ഉരുൾപൊട്ടലുകൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അവ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന സംവിധാനം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കും. വയനാട്ടിലെ ദുരന്തമേഖലയിൽ സൈന്യം എത്തി പ്രവർത്തനങ്ങൾ തുടങ്ങി. വേണ്ട നടപടികളെല്ലാം സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.
ജോസ് കെ. മാണി
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലുകളുടെ ദുരന്തവ്യാപ്തി പറഞ്ഞറിയിക്കാവുന്നതിലും വളരെ വലുതാണ്. നിരവധി മൃതദേഹങ്ങൾ 40 കിലോമീറ്റർ അകലെനിന്നാണു കണ്ടെടുത്തത്. അനേകർക്കു ജീവൻ നഷ്ടമായ, നിരവധി ഗ്രാമങ്ങളും കുടുംബങ്ങളും അപ്പാടെ ഒഴുകിപ്പോയ വൻ ദുരന്തത്തെക്കുറിച്ച് രണ്ടു മിനിറ്റ് കേൾക്കാൻ പാർലമെന്റിനു സമയമില്ലേ? ദേശീയദുരന്തത്തിന് രാഷ്ട്രീയനിറം നൽകരുത്. അടിയന്തരമായ എല്ലാ സഹായവും കേന്ദ്രം നൽകണം.
ജോണ് ബ്രിട്ടാസ്
വയനാട്ടിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കണം. വളരെ ഗൗരവമുള്ള വിഷയവും വൻ ദുരന്തവുമാണുണ്ടായത്. നാലു ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. മുഖ്യമന്ത്രി വയനാട്ടിലെത്തി ക്യാന്പ് ചെയ്യുന്നുണ്ട്. പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രാലയങ്ങളടക്കം കേന്ദ്രസർക്കാർ വേണ്ടതെല്ലാം ചെയ്യണം. നഷ്ടപരിഹാരം നൽകാനടക്കം കേന്ദ്രം സാന്പത്തികസഹായം അനുവദിക്കണം.
പി.വി. അബ്ദുൾ വഹാബ്
കേരളത്തിന് ആവശ്യമായ സാന്പത്തികസഹായം ഉടൻ അനുവദിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും അടക്കം കേരളത്തിനു പണമില്ല. ദുരന്തമേഖലയിൽ നിന്നുള്ള എംപിയാണ്. പാർലമെന്റിലെ എല്ലാ ജോലികളും നിർത്തി ഉടൻ വയനാട്ടിലേക്കു പോകുന്നു.
ജെബി മേത്തർ
ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിന് 5,000 കോടിയുടെ പ്രത്യേക സഹായ പാക്കേജ് നൽകണം. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്.
എ.എ. റഹീം
കേന്ദ്രസർക്കാർ അടിയന്തരമായി സഹായം നൽകണം. ഇത്ര വലിയ ദുരന്തത്തിൽ രാഷ്ട്രീയം കാണരുത്. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ കുറവുണ്ടാകരുത്.
ഡീൻ കുര്യാക്കോസ്
വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം സ്ഥലം സന്ദർശിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം.