ബജറ്റിൽ ഉറപ്പുകൾ പാലിക്കും: മോദി
Tuesday, July 23, 2024 2:17 AM IST
ന്യൂഡൽഹി: 2047ലേക്ക് ലക്ഷ്യം വയ്ക്കുന്ന വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്പാണ് ഇന്ന് അവതരിപ്പിക്കാൻ പോകുന്ന കേന്ദ്രബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജനങ്ങൾക്കു നൽകിയ ഉറപ്പ് ഈ ബജറ്റിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആദ്ദേഹം.
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാന്പത്തികശക്തിയാണ് നമ്മുടെ രാജ്യമെന്നും അദ്ദേഹം ആവർത്തിച്ചു. 60 വർഷങ്ങൾക്ക ു ശേഷമാണ് ഒരേ സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത്. ഇത് അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
‘അമൃത് കാല’ത്തിലേക്കുള്ള പ്രധാനപ്പെട്ട ബജറ്റാണിത്. ഇന്നത്തെ ബജറ്റാണ് അടുത്ത അഞ്ച് വർഷേത്തേക്ക് ഞങ്ങളുടെ ഭരണത്തിന്റെ ദിശ തീരുമാനിക്കുന്നത്. ഈ ബജറ്റ് വികസിത ഭാരതമെന്ന ഞങ്ങളുടെ സ്വപ്നത്തിലേക്കുള്ള ശക്തമായ അടിത്തറയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ക്രിയാത്മക ചർച്ച പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു. അടുത്ത അഞ്ചു വർഷത്തേക്ക് രാജ്യത്തിന്റെ വികസനത്തിനായി ഒരുമിച്ച് പോരാടണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അദ്ദേഹം അഭ്യർഥിച്ചു.