ഖാർഗെയ്ക്ക് പിറന്നാൾ ആശംസിച്ച് നരേന്ദ്ര മോദി
Monday, July 22, 2024 3:31 AM IST
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും.
‘കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെജിക്ക് ജന്മദിനാശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നതായി’ മോദി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
രാഹുൽ ഗാന്ധിയും എക്സിലൂടെയാണ് ആശംസ നേർന്നത്. സാധാരണക്കാരുടെ ആവശ്യത്തിനായി അദ്ദേഹത്തിന്റെ സേവനവും അർപ്പണബോധവും ഏറെ പ്രചോദനമാണ്. ഖാർഗെജിക്ക് നല്ല ആരോഗ്യം നേരുന്നതായും രാഹുൽ കുറിച്ചു. 82-ാം ജന്മവാർഷികമാണ് മല്ലികാർജുൻ ഖാർഗെ ഇന്നലെ ആഘോഷിച്ചത്. 2021 മുതൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് ഖാർഗെ. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2013 മുതൽ 2014 വരെ ഖാർഗെ റെയിൽവേ മന്ത്രിയായും 2009 മുതൽ 2013 വരെ കേന്ദ്രമന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചു.