ജമ്മു-കാഷ്മീർ: സുരക്ഷ വിലയിരുത്തി ഉന്നതതല യോഗം
Friday, July 19, 2024 1:41 AM IST
ന്യൂഡൽഹി: ജമ്മു-കാഷ്മീരിൽ ഭീകരാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സായുധസേനയുടെ ഭീകരവിരുദ്ധ ശേഷി പൂർണമായി വിന്യസിച്ച് പ്രതിരോധിക്കാൻ മോദി നിർദേശം നൽകിയതായാണു സൂചന.
കഴിഞ്ഞ 32 മാസത്തിനിടയിൽ 48 സൈനികരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരർക്കെതിരേ നടത്തിയ വെടിവയ്പിൽ ഇന്നലെയും രണ്ടു സൈനികർക്ക് പരിക്കേറ്റിരുന്നു. അതേസമയം, ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ജമ്മു-കാഷ്മീരിലെ ദോഡയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികരാണു കൊല്ലപ്പെട്ടത്. ഇതിന് ഒരാഴ്ച മുന്പ് ജമ്മുവിലെ കഠുവയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു.