കർഷകപ്രക്ഷോഭ ഹീറോ നവ്ദീപ് സിംഗിന് ജാമ്യം
Thursday, July 18, 2024 3:25 AM IST
അംബാല: കർഷകരുടെ ഡൽഹി ചലോ മാർച്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കർഷകപ്രക്ഷോഭ ഹീറോ നവ്ദീപ് സിംഗിനു ജാമ്യം.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് കർഷകപ്രക്ഷോഭ വീരനായകന് ജാമ്യം അനുവദിച്ചത്. ഇതോടെ നവ്ദീപ് അംബാല ജയിലിൽനിന്നു പുറത്തിറങ്ങി.
കലാപം, കൊലപാതകശ്രമം തുടങ്ങി വിവിധ കുറ്റങ്ങളാണ് നവ്ദീപിനെതിരേ ചുമത്തിയിരുന്നത്. ഫെബ്രുവരി 13ന് നടന്ന ഡൽഹി ചലോ മാർച്ചുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. മാർച്ച് 28ന് മൊഹാലിയിൽനിന്ന് നവ്ദീപിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി വൈകി ജയിലിൽനിന്ന് പുറത്തിറങ്ങിയ നവ്ദീപിനെ കർഷകരും കർഷക നേതാക്കളും വരവേറ്റു.
2020 നവംബറിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ പോലീസിന്റെ ജലപീരങ്കിയിൽ കയറി ടാപ്പ് ഓഫ് ചെയ്തതോടെയാണ് നവ്ദീപ് ഹീറോയായത്. കര്‍ഷക സംഘടന നേതാവ് ജയ് സിംഗിന്റെ മകനാണ് ഇരുപത്തിയാറുകാരനായ നവ്ദീപ്.