വോട്ടിലാണ് നോട്ടം; ഹരിയാനയിൽ അഗ്നിവീറുകൾക്ക് സർക്കാർ ജോലിയിൽ 10 ശതമാനം സംവരണം
Thursday, July 18, 2024 1:57 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സർക്കാർ ജോലിയിൽ അഗ്നിവീറുകൾക്ക് സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. കോൺസ്റ്റബിൾ, ഫോറസ്റ്റ് ഗാർഡുകൾ, ജയിൽ വാർഡന്മാർ എന്നീ യൂണിഫോം തസ്തികകളിലേക്ക് 10 ശതമാനം സംവരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സ്വയം തൊഴിൽസംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന അഗ്നിവീറുകൾക്ക് അഞ്ചു ലക്ഷം രൂപവരെ പലിശരഹിത വായ്പ നൽകുമെന്നും ഹരിയാന മുഖ്യമന്ത്രി നയബ് സിംഗ് സെയ്നി പറഞ്ഞു.
നാല് വർഷത്തെ സേവനത്തിനു ശേഷം സൈന്യത്തിൽനിന്നും പുറത്താകുന്ന അഗ്നിവീറുകളുടെ ഭാവി വലിയ ചോദ്യചിഹ്നമാകുകയും വിമർശനം ഉയരുകയും ചെയ്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിക്ക് അഗ്നിവീറും കാരണമായതായി പറയുന്നു. ഇതിനു പിന്നാലെയാണ് സേവനം പൂർത്തിയാക്കിയെത്തുന്ന അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ ഹരിയാന ബിജെപി സർക്കാർ സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്.