രാജ്ഭവൻ ജീവനക്കാരനെ മർദിച്ചു; ഒഡീഷ ഗവർണറുടെ മകനെതിരേ പ്രതിഷേധം
Sunday, July 14, 2024 2:11 AM IST
ഭുവനേശ്വർ: രാജ്ഭവൻ ജീവനക്കാരെ മർദിച്ച ഒഡീഷ ഗവർണർ രഘ്ബർ ദാസിന്റെ മകനെതിരേ പ്രതിഷേധം ശക്തം.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾക്കിടെ കഴിഞ്ഞ ഏഴിന് ഗവർണറുടെ മകൻ ലളിത് കുമാറും സുഹൃത്തുക്കളും ചേർന്നു മർദ്ദിച്ചുവെന്നാണ് രാജ്ഭവനിലെ സെക്ഷൻ ഓഫീസർ ബൈകുന്ത പ്രധാൻ പരാതിപ്പെട്ടത്. ഗവർണറുടെ മകനുവേണ്ടി പ്രത്യേക വാഹനം ഒരുക്കാത്തതിന്റെ പേരിലായിരുന്നു പ്രകോപനം.
ഗവർണറുടെ മകനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ബിജെപിയും കോൺഗ്രസും ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജ്ഭവനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.