പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കണമെന്ന് വീണ്ടും രാഹുൽ ഗാന്ധി
Friday, July 12, 2024 2:49 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇപ്പോഴും കത്തുന്ന മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീഡിയോ പുറത്തിറക്കി. കലാപം തുടങ്ങിയശേഷം മൂന്നാം തവണ മണിപ്പുരിൽ താൻ നടത്തിയ സന്ദർശനത്തിന്റെ വിശദാംശങ്ങളുള്ള അഞ്ചു മിനിറ്റ് വീഡിയോയാണ് രാഹുൽ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
“മണിപ്പുരിൽ ഇപ്പോഴും വീടുകൾ കത്തുന്നു. ഇന്നലെയും ബോംബ് സ്ഫോടനമുണ്ടായി. നിരപരാധികളുടെ ജീവൻ അപകടത്തിലാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയാൻ നിർബന്ധിതരാകുന്നു. സങ്കടകരമെന്നു പറയട്ടെ, ഇപ്പോഴും സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടില്ല.’’- രാഹുൽ ചൂണ്ടിക്കാട്ടി.
“അക്രമം ആരെയെങ്കിലും സഹായിക്കുന്നുണ്ടോ’’ എന്ന തലക്കെട്ടോടെയുള്ള വീഡിയോയിൽ കലാപം കൊടുന്പിരിക്കൊണ്ടിരിക്കേ ഒരു വർഷം മുന്പ് താൻ മണിപ്പുരിൽ നടത്തിയ സന്ദർശനത്തിന്റെ ദൃശ്യങ്ങളും രാഹുൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുദ്ധം നേരത്തേ അവസാനിക്കണമോ, വേണ്ടയോ എന്നതു സർക്കാരിന്റെ കൈകളിലാണെന്ന് ഒരു സ്ത്രീ പറഞ്ഞപ്പോൾ, അതു ശരിയാണെന്നും സർക്കാർ വിചാരിച്ചാൽ അക്രമം വേഗത്തിൽ അവസാനിപ്പിക്കാനാകുമെന്നാണ് താനും കരുതുന്നതെന്നും രാഹുൽ മറുപടി പറയുന്നു.
കരയരുത്, എല്ലാം ശരിയാകും
മണിപ്പുരിലെ ജിരിബാം, ചുരാചന്ദ്പുർ, മൊയ്രാംഗ്, ആസാമിലെ തലായി തുടങ്ങിയ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചതിന്റെയും സംഘർഷങ്ങളിൽ വിലപിക്കുന്ന നിരവധി ആളുകളെ രാഹുൽ ആശ്വസിപ്പിക്കുന്നതിന്റെയും രംഗങ്ങൾ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ട്. കരയരുത്, എല്ലാം ശരിയാകുമെന്ന് ദുരിതബാധിതരെ ചേർത്തുപിടിച്ച് രാഹുൽ ആശ്വസിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെയാണ് കരളലിയിക്കുന്ന രംഗങ്ങളുള്ള വീഡിയോ ഇന്നലെ പുറത്തിറക്കിയത്.
മണിപ്പുർ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടു
മണിപ്പുർ സംസ്ഥാനം രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. 2023 മേയ് മുതൽ അക്രമം പൊട്ടിപ്പുറപ്പെട്ട സംസ്ഥാനം നേരിട്ട് സന്ദർശിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും സമാധാനത്തിനായി അഭ്യർഥിക്കാനും പ്രധാനമന്ത്രി മോദിയോട് രാഹുൽ അഭ്യർഥിച്ചു.
ഒരു വർഷം കഴിഞ്ഞിട്ടും പ്രധാനമന്ത്രി മോദി ഒരു തവണ പോലും മണിപ്പുരിൽ വന്നില്ലെന്ന് ഒരാൾ പരാതി പറയുന്നത് വീഡിയോയിലുണ്ട്. ആസാമിൽനിന്നടക്കം നിരവധി പേർ വരുന്നുണ്ടെങ്കിലും മണിപ്പുർ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതേവരെ തങ്ങളെ കാണാൻപോലും വന്നിട്ടില്ലെന്ന് സ്ത്രീകൾ പരാതിപ്പെടുന്നത് വീഡിയോയിൽ കേൾക്കാം. അക്രമം തുടങ്ങാനുള്ള കാരണം എന്താണെന്ന രാഹുലിന്റെ ചോദ്യത്തിന് തെറ്റിദ്ധാരണകളാണു കാരണമെന്നായിരുന്നു സ്ത്രീകളുടെ മറുപടി.
കേണപേക്ഷിച്ച് വീട്ടമ്മ
“സർ, ഞങ്ങൾക്കു സുരക്ഷ വേണം. ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകണം. എത്ര ദിവസം ഇവിടെ കഴിയാനാകും. ഞങ്ങൾക്ക് സ്വന്തം വീട്ടിൽ താമസിക്കണം?’’-എന്നുപറഞ്ഞ് ജിരിബാമിലെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിക്കുന്ന രാഹുലിനുമുന്നിലെത്തി നിലത്ത് മുട്ടുകുത്തിയിരുന്നു കേണപേക്ഷിക്കുന്ന വീട്ടമ്മയെ വീഡിയോയിൽ കാണാം. മറ്റു വീട്ടമ്മമാരും അവരെ പിന്തുണയ്ക്കുന്നുണ്ട്. തന്റെ മുത്തശി സംഘർഷസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് മറ്റൊരു സ്ത്രീ പറഞ്ഞപ്പോൾ, അവരുടെ സ്ഥിതിയെക്കുറിച്ച് രാഹുൽ തിരക്കി.
മുത്തശി എവിടെയാണെന്നു വ്യക്തമായി അറിയില്ല. മുത്തശിക്ക് ദുരിതാശ്വാസ ക്യാന്പിലേക്കോ, ക്യാന്പിൽ കഴിയുന്നവർക്ക് സ്വന്തം ഗ്രാമത്തിലേക്കോ പോകാനാകില്ലെന്ന് ആ സ്ത്രീ വിശദീകരിച്ചു. തങ്ങളുടെ ഗ്രാമങ്ങളിൽ ഇപ്പോഴും വീടുകൾ കത്തിക്കുന്നുണ്ടെന്നും അവർ വിലപിച്ചു.
സഹായിക്കും,
ഉറപ്പുമായി രാഹുല്
താങ്കളാണ് ഞങ്ങളുടെ ശബ്ദം എന്ന് ചുരാചന്ദ്പുർ ക്യാന്പിലെ സ്ത്രീകൾ രാഹുലിനോട് പറയുന്നത് വീഡിയോയിലുണ്ട്. ഞങ്ങൾക്കുവേണ്ടി പോരാടുമെന്ന് ഉറപ്പ് നൽകണമെന്നായിരുന്നു മൊയ്രാംഗിലെ ക്യാന്പിൽ മറ്റൊരു സ്ത്രീ രാഹുലിനോട് ആവശ്യപ്പെട്ടത്.
മണിപ്പുരിലെ ജനങ്ങളുടെ പ്രശ്നം പാർലമെന്റിലും പുറത്തും താനും കോണ്ഗ്രസ് പാർട്ടിയും വീണ്ടും വീണ്ടും ഉയർത്തുമെന്ന് രാഹുൽ ഉറപ്പ് നൽകി. കോണ്ഗ്രസ് പാർട്ടി വഴി കഴിയുന്നത്ര സഹായം നൽകുമെന്നും രാഹുൽ വാഗ്ദാനം ചെയ്തു.
മെഡിക്കൽ അശ്രദ്ധമൂലം തനിക്ക് സഹോദരനെ നഷ്ടപ്പെട്ടതായി ഒരു സ്ത്രീ പൊട്ടിക്കരഞ്ഞു കൊണ്ട് രാഹുലിനോടു പറഞ്ഞു. മണിപ്പുരിലെ കലാപബാധിതർക്കായി ആസാമിലെ തലായിയിലുള്ള ഒരു ദുരിതാശ്വാസ ക്യാന്പിലായിരുന്നു ഇത്.
രോഗബാധിതനായ സഹോദരന് മതിയായ വൈദ്യസഹായം പോലും സർക്കാരിൽനിന്നു ലഭിക്കാത്തതിനാലാണ് തന്റെ സഹോദരനു ജീവൻ നഷ്ടപ്പെട്ടതെന്ന് അവർ പറഞ്ഞു. ക്യാന്പിൽ മരുന്നുകൾ എത്തിക്കാൻ കോണ്ഗ്രസ് പാർട്ടി സഹായിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി.