കർഷകസമരം വീണ്ടും സജീവമാക്കുന്നു
Friday, July 12, 2024 2:49 AM IST
ന്യൂഡൽഹി: കർഷകസമരം വീണ്ടും സജീവമാക്കാൻ തയാറെടുത്ത് സംയുക്ത കിസാൻ മോർച്ച. വിളകൾക്ക് താങ്ങുവില ഉറപ്പുവരുത്താൻ നിയമനിർമാണം ഉൾപ്പെടെ ആവശ്യപ്പെട്ടാണു കർഷകസംഘടന പ്രതിഷേധത്തിനൊരുങ്ങുന്നത്.
ഈ മാസം 16, 17, 18 തീയതികളിൽ ലോക്സഭ, രാജ്യസഭ എംപിമാരെ എസ്കെഎം നേതാക്കൾ നേരിട്ടു കാണും. ആദ്യഘട്ടമെന്ന നിലയിൽ സർക്കാരിൽ സമ്മർദം ചെലുത്തുന്നതിനാണ് ഈ കൂടിക്കാഴ്ച.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ എസ്കെഎം ദേശീയനേതൃത്വം കാണുകയും നിവേദനം നൽകുകയും ചെയ്യുമെന്ന് ഇന്നലെ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു. നടക്കാനിരിക്കുന്ന ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ജമ്മു-കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരേ പ്രചാരണം നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.
പ്രചാരണ വാഹന ജാഥകൾ, പദയാത്രകൾ, മഹാപഞ്ചായത്തുകൾ എന്നിവ സംഘടിപ്പിക്കും.വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക, കർഷക വായ്പ എഴുതിത്തള്ളുക, വൈദ്യുതിമേഖല സ്വകാര്യവത്കരണത്തിൽനിന്നു പിന്മാറുക, വിളകൾക്കും മൃഗസംരക്ഷണത്തിനും സമഗ്രമായ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുക, കർഷക തൊഴിലാളികൾക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ നൽകുക, ലഖിംപുർ ഖേരിയിലെ രക്തസാക്ഷികൾ ഉൾപ്പെടെ ചരിത്രപരമായ കർഷകസമരത്തിലെ രക്തസാക്ഷികളുടെ എല്ലാ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുക, സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കുക, 736 കർഷക രക്തസാക്ഷികളുടെ സ്മരണയ്ക്കായി ഡൽഹി അതിർത്തിയിൽ സ്മാരകം നിർമിക്കുക തുടങ്ങി 14 ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.
കർഷക നേതാക്കളായ ഹനൻ മൊല്ല, ഡോ. സുനിലം, അവിക് സാഹ, ആർ. വെങ്കയ്യ, പ്രേംസിംഗ്, പി. കൃഷ്ണപ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.