സ്വവർഗ വിവാഹം: ജസ്റ്റീസ് സഞ്ജീവ് ഖന്ന പിന്മാറി
Thursday, July 11, 2024 1:35 AM IST
ന്യൂഡൽഹി: സ്വവർഗ വിവാഹം വിലക്കിയ ഭരണഘടനാ ബെഞ്ച് വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്ന പിന്മാറി. ഇതോടെ പുതിയ ബെഞ്ച് രൂപീകരിച്ചശേഷം കേസ് വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലെ ഉച്ചയ്ക്കു കേസ് പരിഗണിക്കാനിരിക്കെയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പിന്മാറിയതായി അറിയിച്ചത്.
സുപ്രീംകോടതി വിധി ചോദ്യം ചെയ്തും സ്വവർഗാനുരാഗികളെ നിയമപരമായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹർജികളാണ് കോടതിക്കു മുന്നിലുണ്ടായിരുന്നത്. ജസ്റ്റീസുമാരായ ഹിമ കോഹ്ലി, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലുള്ള മറ്റു ജഡ്ജിമാർ.
നേരത്തെ കേസ് പരിഗണിച്ച ബെഞ്ചിൽനിന്ന് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ്. രവീന്ദ്ര ഭട്ട് എന്നിവർ വിരമിച്ചതോടെയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്നയെയും ബി.വി. നാഗരത്നയെയും ഉൾപ്പെടുത്തിയത്.
അതേസമയം കേസ് തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞദിവസം നിരസിച്ചിരുന്നു.