തൃണമൂൽ സർക്കാർ ഒബിസി അവകാശങ്ങൾ ‘വ്യാജ ജാതി സർട്ടിഫിക്കറ്റ്’ നൽകി മുസ്ലിംകൾക്ക് നൽകുന്നു: മോദി
Thursday, May 30, 2024 2:06 AM IST
കോൽക്കത്ത: ബംഗാളിലെ തൃണമൂൽ സർക്കാർ ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ ‘വ്യാജ ജാതി സർട്ടിഫിക്കറ്റ്’ നൽകി മുസ്ലിംകൾക്കു വിട്ടുകൊടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഥുരാപൂർ മണ്ഡലത്തിലെ കാക്ദ്വീപിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ വികസനപദ്ധതികൾ നടത്താൻ തൃണമൂൽ അനുവദിക്കുന്നില്ലെന്നും മോദി ആരോപിച്ചു. ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്താൻ, ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം നൽകിയ ഭരണഘടനയെ തൃണമൂൽ സർക്കാർ പരസ്യമായി ആക്രമിക്കുകയാണ്. മുസ്ലിംകൾക്ക് വ്യാജ ഒബിസി സർട്ടിഫിക്കറ്റ് നൽകി സംവരണക്കൊള്ള നടത്തുകയാണെന്നും മോദി ആരോപിച്ചു.
കൽക്കട്ട ഹൈക്കോടതി ഈ വ്യാജ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയെങ്കിലും ടിഎംസി ഇത് അംഗീകരിക്കാൻ തയാറല്ല.
തൃണമൂലും ഇന്ത്യ സഖ്യവും ബംഗാളിനെ വികസനത്തിന്റെ വിപരീത ദിശയിലേക്കാണു നയിക്കുന്നത്. പ്രധാനമന്ത്രി ആവാസ്, ഉച്ചഭക്ഷണ പദ്ധതികളിൽനിന്നുപോലും തൃണമൂൽ സർക്കാർ പണം കവർന്നെടുക്കുകയാണ്- മോദി ആരോപിച്ചു.