കുറ്റവാളികൾ ഇരകളായി അഭിനയിക്കുന്നു: സ്വാതി മലിവാളിന് മറുപടിയുമായി ധ്രുവ് റാഠി
Wednesday, May 29, 2024 1:44 AM IST
ന്യൂഡൽഹി: കുറ്റവാളികൾ ഇരകളായി നടിക്കുന്നുവെന്ന് കുറ്റപ്പെടുത്തി ധ്രുവ് റാഠി. ആം ആദ്മി രാജ്യസഭാ എംപി സ്വാതി മലിവാൾ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതിക്കെതിരേ ഏകപക്ഷീയമായി ധ്രുവ് വീഡിയോ ഇറക്കിയെന്നും അതിനാൽ തനിക്കെതിരേ ബലാത്സംഗ ഭീഷണിയും വധഭീഷണിയും കൂടി ഉണ്ടെന്നുമായിരുന്നു സ്വാതിയുടെ ആരോപണം. എന്നാൽ സ്വാതിയുടെ ആരോപണം തള്ളിയ ധ്രുവ് സ്വാതിക്കു പിന്നിൽ ആരാണെന്നും തന്നെ നിശബ്ദനാക്കിയാൽ ആയിരം പേർ പുതുതായി ഉയർന്നുവരുമെന്നും സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചു.
ഞായറാഴ്ചയാണ് സ്വാതിക്കെതിരേ ധ്രുവ് വീഡിയോയുമായി രംഗത്തുവന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പിഎ വൈഭവ് കുമാർ തന്നെ ആക്രമിച്ചുവെന്നാണ് സ്വാതിയുടെ ആരോപണം. കേസിൽ അറസ്റ്റിലായ വൈഭവിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി തള്ളിയിരുന്നു.