ഈ മാസം 31ന് അന്വേഷണസംഘം മുന്പാകെ ഹാജരാകുമെന്ന് പ്രജ്വൽ രേവണ്ണ
Tuesday, May 28, 2024 1:28 AM IST
ബംഗളൂരു: ലൈംഗികാത്രികമ കേസിൽ കഴിഞ്ഞ 27ന് രാജ്യത്തുനിന്ന് മുങ്ങിയ ജനതാദാൾ-എസ് നേതാവും കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ കേസിൽ ആദ്യമായി പ്രതികരണവുമായി രംഗത്ത്.
ഈമാസം 31ന് താൻ മടങ്ങിയെത്തുമെന്നും രാവിലെ പത്തിന് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) മുന്പാകെ ഹാജരാകുമെന്നും ഇന്നലെ പുറത്തുവിട്ട കന്നഡയിലുള്ള വീഡിയോ സന്ദേശത്തിൽ പ്രജ്വൽ അറിയിച്ചു.
“വിദേശത്തുള്ള ഞാൻ എവിടെയാണെന്ന വിവരം മറച്ചുവച്ചതിന് എന്റെ കുടുംബാംഗങ്ങളോടും കുമാരണ്ണയോടും (എച്ച്.ഡി. കുമാരസ്വാമി) പാർട്ടി പ്രവർത്തകരോടും മാപ്പ് ചോദിക്കുന്നു. ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എനിക്കെതിരേ ഒരു കേസുമുണ്ടായിരുന്നില്ല. എസ്ഐടി രൂപീകരിച്ചിട്ടില്ല. ഞാൻ പോയി രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോൾ യുട്യൂബിൽ എനിക്കെതിരേയുള്ള ആരോപണങ്ങൾ കണ്ടു. എനിക്കെതിരേ കേസുമെടുത്തു.
എസ്ഐടിയോട് ഹാജരാകാൻ ഏഴു ദിവസത്തെ സാവകാശം ചോദിച്ചു. തൊട്ടടുത്ത ദിവസം ഈ വിഷയം ഉയർത്തിക്കാട്ടി രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ പ്രചാരണം കടുപ്പിക്കുന്നതു കണ്ടു. കടുത്ത വിഷാദത്തിലേക്ക് വഴുതിവീണതോടെ ഏകാന്തവാസത്തിലേക്കു പോയി.
രാഷ്ട്രീയമായി വളരുന്നതിനാൽ ഹാസനിൽ ചില ദുഷ്ടശക്തികൾ എനിക്കെതിരേ പ്രവർത്തിച്ചു. എന്നെ രാഷ്ട്രീയത്തിൽനിന്നു പുറത്താക്കാൻ ചിലർ ഗൂഢാലോചന നടത്തി’’’’- പ്രജ്വൽ ആരോപിച്ചു. തന്റെ വിദേശസന്ദർശനം നേരത്തേ തീരുമാനിച്ചതായിരുന്നുവെന്നും പ്രജ്വൽ ചൂണ്ടിക്കാട്ടി.
അന്വേഷണസംഘം മുന്പാകെ കീഴടങ്ങി വിചാരണ നേരിട്ട് നിയമപോരാട്ടം നടത്തി സത്യം തെളിയിക്കും. ജുഡീഷറിയിൽ തനിക്കു വിശ്വാസമുണ്ടെന്നും സത്യം വിജയിക്കുമെന്നും പ്രജ്വൽ വ്യക്തമാക്കി. നേരത്തേ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്വലിന്റെ പിതാവും ജെഡി-എസ് നേതാവുമായ എച്ച്.ഡി. രേവണ്ണയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
വേലക്കാരിയെയും തന്നെ സമീപിച്ച പാർട്ടിയുടെ വനിതാപ്രവർത്തകരടക്കമുള്ളവരെയും പ്രജ്വൽ പീഡിപ്പിച്ചതായുള്ള വീഡിയോകൾ പ്രചരിച്ചതിനു പിന്നാലെ കഴിഞ്ഞ മാസം 27നാണ് പ്രജ്വൽ എംപിയെന്ന നിലയിലുള്ള നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമനിയിലെ മ്യൂണിക്കിലേക്കു കടന്നത്. പ്രജ്വലിന്റെ ജാമ്യഹർജി കോടതി തള്ളിയതിനാൽ രാജ്യത്ത് എത്തിയാലുടൻ അറസ്റ്റുണ്ടാകും. ഇയാൾക്കായി എസ്ഐടി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
അതേസമയം, പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം നീക്കം നടത്തുന്നതിനിടെയാണ് പെട്ടെന്നു മടങ്ങാൻ തീരുമാനിച്ചതെന്ന് സൂചനയുണ്ട്.