“ജഗന്നാഥ ഭഗവാൻ മോദിയുടെ ഭക്തൻ”; പരാമർശം വിവാദമായതോടെ ഉപവാസവുമായി സംബിത് പത്ര
Wednesday, May 22, 2024 12:51 AM IST
ഭുവനേശ്വർ: പുരി ക്ഷേത്രത്തിലെ ജഗന്നാഥ ഭഗവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന് പുരിയിലെ ബിജെപി ലോക്സഭാ സ്ഥാനാർഥി സംബിത് പത്ര. പരാമർശം വിവാദമായതോടെ ജഗന്നാഥ ഭഗവാനോടു മാപ്പപേക്ഷിച്ച് മൂന്നു ദിവസം ക്ഷേത്രത്തിൽ ഉപവാസമിരിക്കുമെന്നു പത്ര അറിയിച്ചു.
മോദി പുരി ജഗന്നാഥ ഭഗവാന്റെ വലിയ ഭക്തനാണെന്നാണ് ഉദ്ദേശിച്ചതെന്നും പുരിയിൽ മോദിയുടെ റോഡ് ഷോ ദിനത്തിൽ മാധ്യമപ്രവർത്തകരോ ടു സംസാരിച്ചപ്പോൾ നാവുപിഴ സംഭവിച്ചതാണെന്നും സംബിത് പത്ര പറഞ്ഞു.
ജഗന്നാഥ ഭഗവാനെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നു പറഞ്ഞ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, സംബിതിന്റെ പ്രസ്താവനയെ ശക്തമായി അപലപിക്കുകയും ചെയ്തു.
“ഒഡീഷയുടെ അഭിമാനമാണ് പുരി ജഗന്നാഥ ക്ഷേത്രം. ലോകനാഥനായ ജഗന്നാഥ മഹാപ്രഭു ഒരു മനുഷ്യന്റെ ഭക്തനാണെന്നു പറയുന്നത് അവഹേളിക്കുന്നതിനു തുല്യമാണ്. ലോകമെന്പാടുമുള്ള കോടിക്കണക്കിനു ജഗന്നാഥ ഭക്തരെയാണ് സംബിത് വേദനിപ്പിച്ചത്”-പട്നായിക് പറഞ്ഞു.
അധികാരമത്തു പിടിച്ച ബിജെപി ദൈവങ്ങളെപ്പോലും വെറുതേ വിടുന്നില്ലെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. ജൂൺ നാലിന് ജനങ്ങൾ മറുപടി കൊടുക്കുമെന്നായിരുന്നു എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ പ്രതികരണം.