മമതയ്ക്കെതിരേ പരാമർശം: മുൻ ജഡ്ജിയായ ബിജെപി സ്ഥാനാർഥിക്ക് പ്രചാരണവിലക്ക്
Wednesday, May 22, 2024 12:51 AM IST
ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജിയും ബിജെപി സ്ഥാനാർഥിയുമായ അഭിജിത്ത് ഗംഗോപാധ്യായയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 24 മണിക്കൂർ പ്രചാരണ വിലക്കേർപ്പെടുത്തി.
ഇന്നലെ വൈകുന്നേരം അഞ്ച് മുതൽ 24 മണിക്കൂറിലേക്കാണ് വിലക്ക്. മമതയ്ക്കെതിരേ ഗംഗോപാധ്യായ നടത്തിയ പരാമർശം വിവാദമായതിനെത്തുടർന്ന് തൃണമൂൽ കോണ്ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഗംഗോപാധ്യായ പെരുമാറ്റച്ചട്ടത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു. വിലക്കിനൊപ്പം ഗാഗോപാധ്യായയ്ക്കെതിരേ രൂക്ഷവിമർശനവും തെരഞ്ഞെടുപ്പു കമ്മീഷൻ ഉയർത്തി. തെരഞ്ഞെടുപ്പ് സമയങ്ങളിലെ പരസ്യപ്രതികരണങ്ങളിൽ ശ്രദ്ധ ഉണ്ടാകണമെന്നും വ്യക്തിപരാമർശങ്ങൾ ഒഴിവാക്കണമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
ഹാൽദിയയിൽ 15നാണ് അഭിജിത്ത് ഗംഗോപാധ്യായ വിവാദ പരാമർശം നടത്തിയത്. ബിജെപിയുടെ സന്ദേശ്ഖാലി സ്ഥാനാർഥി രേഖ പാത്രയെ 2000 രൂപയ്ക്ക് വിലക്കെടുത്തുവെന്ന് തൃണമൂൽ കോണ്ഗ്രസ് പറയുന്നു. എന്താണ് മമതയുടെ വില. പത്ത് ലക്ഷമാണോ. ഇതായിരുന്നു അഭിജിത്ത് ഗംഗോപാധ്യായയുടെ പരാമർശം.
ഇതിന് പിന്നാലെ തൃണമൂൽ കോണ്ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ 20ന് മുന്പായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഗംഗോപാധ്യായയ്ക്ക് നോട്ടീസ് അയച്ചു.