വരുണിനു സീറ്റ് നിഷേധിച്ചതിനെക്കുറിച്ച് പ്രതികരിക്കാതെ മേനക
Tuesday, May 21, 2024 1:24 AM IST
മകൻ വരുണിനു ബിജെപി സീറ്റ് നിഷേധിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ തയാറാകാതെ മേനകഗാന്ധി. മണ്ഡലത്തിലെ ജനങ്ങളാണ് തന്റെ വിഷയമെന്ന് വാർത്താ ഏജൻസിയായ പിടിഐക്കു നല്കിയ അഭിമുഖത്തിൽ മേനക പറഞ്ഞു. കോണ്‍ഗ്രസിനെ റായ്ബറേലിയിൽനിന്നുതുടച്ചുനീക്കണമെന്ന് ബിജെപിയുടെ ആഹ്വാനത്തെക്കുറിച്ചുള്ള ചോദ്യത്തിനും മേനക പ്രതികരിച്ചില്ല.
സുൽത്താൻപുർ ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ വൻ വിജയം നേടുമെന്ന് മേനക പറഞ്ഞു. ഒരുകാലത്ത് കോൺഗ്രസ് കോട്ടയായിരുന്ന സുൽത്താൻപുർ അമേഠിയുടെയും റായ്ബറേലിയുടെയും അയൽമണ്ഡലമാണ്. 2019ൽ വെറും 14,000 വോട്ടിനാണ് മേനക സുൽത്താൻപുരിൽ ബിഎസ്പിയിലെ ചന്ദ്ര ഭദ്ര സിംഗിനെ തോൽപ്പിച്ചത്.
അന്ന് ബിഎസ്പിയും എസ്പിയും സഖ്യത്തിലായിരുന്നു. 2014ൽ മേനകയുടെ മകൻ വരുണ്‍ഗാന്ധി സുൽത്താൻപുരിൽ 1.78 ലക്ഷം വോട്ടിനു വിജയിച്ചു. ആ തെരഞ്ഞെടുപ്പിൽ ബിഎസ്പിയും എസ്പിയും വെവ്വേറെയാണ് മത്സരിച്ചത്. ഭുവൽ നിഷാദ് ആണ് ഇത്തവണ എസ്പി സ്ഥാനാർഥി. ഉദ്രാജ് വർമ ബിഎസ്പി ടിക്കറ്റിൽ മത്സരിക്കുന്നു.
അടുത്ത സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന ചോദ്യത്തിന്, അക്കാര്യം പ്രധാനമന്ത്രിയുടെ സവിശേഷാധികാരമാണെന്നായിരുന്നു മേനകയുടെ മറുപടി. വി.പി. സിംഗ്, അടൽ ബിഹാരി വാജ്പേയ്, ഒന്നാം നരേന്ദ്ര മോദി സർക്കാരുകളിൽ അംഗമായിരുന്നു മേനക. മോദിയുടെ രണ്ടാം സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടിയില്ല.
സുൽത്താൻപുർ ലോക്സഭാ മണ്ഡലത്തിനു കീഴിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ നാലെണ്ണം ബിജെപി വിജയിച്ചവയാണ്. ഒരു മണ്ഡലത്തിൽ സമാജ് വാദി പാർട്ടി വിജയിച്ചു. സഞ്ജയ് നിഷാദിനെ മന്ത്രിയാക്കിയതോടെ സുൽത്താൻപുരിലെ രണ്ടു ലക്ഷം നിഷാദ്(മത്സ്യത്തൊഴിലാളി) വിഭാഗത്തിന്റെ വോട്ട് ഉറപ്പിച്ചെന്നു ബിജെപി വിലയിരുത്തുന്നു
എട്ടു തവണ മേനക ലോക്സഭാംഗമായിട്ടുണ്ട്. പിലിഭിത്തിൽനിന്ന് ആറു തവണയും അവൻല, സുൽത്താൻപുർ മണ്ഡലങ്ങളിൽനിന്ന് ഓരോ തവണയുമാണ് മേനക തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ വിജയിച്ചാൽ ലോക്സഭയിലെ ഏറ്റവും സീനിയർ അംഗം എന്ന പദവി മേനകയ്ക്കു സ്വന്തമാകും.
1989ലും 1996ലും ജനതാ ദൾ ടിക്കറ്റിൽ വിജയിച്ച മേനക 1998, 1999 തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്രയായി വിജയിച്ചു. രണ്ടു തവണയും ബിജെപിയുടെ പിന്തുണയുണ്ടായിരുന്നു. 2004ലാണ് ആദ്യമായി ബിജെപി ടിക്കറ്റിൽ വിജയിക്കുന്നത്.
2009, 2014, 2019 തെരഞ്ഞെടുപ്പുകളിലും ബിജെപി ടിക്കറ്റിൽ വിജയിച്ചു. 1984ൽ അമേഠിയിൽ രാജീവ് ഗാന്ധിയോടും 1991ൽ പിലിഭിത്തിൽ ബിജെപി സ്ഥാനാർഥി പരശുറാമിനോടും മേനക തോറ്റു.