അനിലും ശോഭയും പണം വാങ്ങി; സാന്പത്തിക ആരോപണവുമായി ദല്ലാൾ നന്ദകുമാർ
Wednesday, April 24, 2024 2:25 AM IST
ന്യൂഡൽഹി: ലോക്സഭാ സ്ഥാനാർഥികളും ബിജെപി നേതാക്കളുമായ അനിൽ ആന്റണിക്കും ശോഭ സുരേന്ദ്രനുമെതിരേ സാന്പത്തിക ആരോപണവുമായി വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. ഇരുവരും പണം വാങ്ങിയെന്ന് ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ നന്ദകുമാർ പറഞ്ഞു.
തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാൻഡിംഗ് കോണ്‍സലായി നിയമിക്കാൻ അനിൽ 25 ലക്ഷം കൈപ്പറ്റി. എന്നാൽ നിയമനം നടക്കാതിരുന്നതിനാൽ പല തവണകളായി പണം തിരികെ നൽകിയെന്നും നന്ദകുമാർ ചൂണ്ടിക്കാട്ടി.
സാന്പത്തിക പ്രതിസന്ധിയായതിനാൽ പണം കടമായി വേണമെന്നാവശ്യപ്പെട്ടാണു ശോഭ സുരേന്ദ്രൻ തന്നെ സമീപിച്ചത്. തൃശൂരിൽ ശോഭയുടെ പേരിലുള്ള വസ്തുക്കൾ തനിക്കു നൽകാമെന്ന ഉറപ്പിൽ പണം നൽകിയെന്നും എന്നാൽ ആ വസ്തു കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്നും നന്ദകുമാർ ആരോപിച്ചു.
2014ൽ ഡൽഹി സാഗർ രത്ന ഹോട്ടലിൽവച്ചാണ് അനിലിനു പണം കൈമാറിയത്. പണമടങ്ങിയ കവറുമായി നന്ദകുമാർ നിൽക്കുന്നതും പണം നൽകുന്നതിന്റെയും ചിത്രം മാധ്യമങ്ങൾക്കു മുന്നിൽ അദ്ദേഹം പ്രദർശിപ്പിച്ചു. അനിലിന്റെ പുതിയ ഗൂഢസംഘമെന്നു പറഞ്ഞ് നരേന്ദ്ര മോദിക്കൊപ്പം അനിൽ ആന്റണി, ആൻഡ്രൂസ് ആന്റണി എന്നിവർ നിൽക്കുന്ന ചിത്രവും നന്ദകുമാർ പുറത്തുവിട്ടു. അധികാരത്തിലെത്തുന്നവരുടെ പാർട്ടി നോക്കി ഈ സംഘം മുന്നണി മാറുമെന്നും നന്ദകുമാർ പറഞ്ഞു.
ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ട പത്തു ലക്ഷം രൂപ 2023 ജനുവരി നാലിന് ഡൽഹി പാർലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ശാഖയിൽനിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്ന് ആരോപിച്ച നന്ദകുമാർ ഇതിന്റെ രസീതും പുറത്തുവിട്ടു.
പണത്തിനു പകരം ശോഭ നൽകാമെന്നു പറഞ്ഞ വസ്തു കണ്ടപ്പോഴാണ് ഇതിന്റെ പേരിൽ മറ്റു രണ്ടുപേരിൽനിന്ന് അവർ പണം കൈപ്പറ്റിയെന്ന് അറിയാൻ സാധിച്ചത്. അതിനാൽ വസ്തു ഇടപാട് നടത്താൻ സാധിച്ചില്ല. പിന്നീട് പലതവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും നന്ദകുമാർ ആരോപിച്ചു.
പണം വാങ്ങിയിട്ടുണ്ട്
സഹോദരീഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്താണ് നന്ദകുമാറിനോടു പണം വാങ്ങിയത്. ഭൂമി വില്പനയുടെ അഡ്വാന്‍സായിട്ടാണ് പണം വാങ്ങിയത്. ഭൂമി വാങ്ങാമെന്നു പറഞ്ഞ് വഞ്ചിച്ചതുകൊണ്ട് താന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കിയില്ല. എന്റെ ഭൂമി ആര്‍ക്കും ഇതുവരെ വിറ്റിട്ടില്ല.
സിപിഎം നേതാവിനെ ബിജെപിയിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു
നന്ദകുമാര്‍ എന്നെ രണ്ടു വര്‍ഷം മുന്‍പ് തൃശൂരില്‍ വന്നു കണ്ടിട്ടുണ്ട്. ചില പ്രമുഖരെ സിപിഎമ്മില്‍നിന്നും ബിജെപിയില്‍ എത്തിക്കാമെന്നു പറഞ്ഞാണ് എത്തിയത്. പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍വേണ്ടി ഞങ്ങളുടെ ബിജെപി ദേശീയ ഓഫീസില്‍ നിരങ്ങിയ ആളാണ് ഈ നന്ദകുമാര്‍. സിപിഎം നേതാവിനെ എത്തിക്കാന്‍ നന്ദകുമാര്‍ കോടികളാണ് ഡല്‍ഹിയിലെ നേതാക്കളോടു ചോദിച്ചത്.
എം.വി. ഗോവിന്ദന്റെ യാത്ര നടക്കുമ്പോള്‍ രാമനിലയത്തിലെ എന്റെ മുറിയില്‍ ഉന്നത സിപിഎം നേതാവ് വന്നു ചര്‍ച്ച നടത്തി. ഇത് എന്തിനെന്നു നന്ദകുമാര്‍ പറയട്ടെ. ഏതു നേതാവിനെയാണ് ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചതെന്ന് മാധ്യമങ്ങളോട് നന്ദകുമാര്‍ വെളിപ്പെടുത്തണം.
- ശോഭാ സുരേന്ദ്രൻ