തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ അഭ്യർഥിക്കുമെന്ന് കൽക്കട്ട ഹൈക്കോടതി
Wednesday, April 24, 2024 2:25 AM IST
കോൽക്കത്ത: രാമനവമിയോടനുബന്ധിച്ച് കഴിഞ്ഞ 17ന് സംഘർഷം നടന്ന മുർഷിദാബാദിലെ ബെഹ്റാംപുരിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് അഭ്യർഥിക്കേണ്ടിവരുമെന്ന് കൽക്കട്ട ഹൈക്കോടതി.
രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് എൻഐഎയോ സിബിഐയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദംകേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ടി.എ.എസ്. ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
ആളുകൾക്ക് സമാധാനവും സൗഹാർദവും ലഭ്യമല്ലാത്ത അവസ്ഥയാണെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ അഭ്യർഥിക്കും. ഇതാണ് മുന്നിലുള്ള ഏകവഴിയെന്നും കേസിന്റെ പ്രാഥമികവാദത്തിനിടെ കോടതി വ്യക്തമാക്കി. നാലാംഘട്ടമായ മേയ് 13 നാണ് ബെഹ്റാംപുരിൽ തെരഞ്ഞെടുപ്പു നിശ്ചയിച്ചിരിക്കുന്നത്.