രാമനവമി ആഘോഷിച്ച് ഹൈന്ദവസമൂഹം; അയോധ്യയിൽ സൂര്യതിലക്
Thursday, April 18, 2024 1:58 AM IST
ന്യൂഡൽഹി/അയോധ്യ: രാജ്യമെന്പാടും രാമനവമി ഭക്ത്യാദരപൂർവം ആഘോഷിച്ചു. ഘോഷയാത്രകളും പ്രസാദവിതരണവും ഉൾപ്പെടെ ആഘോഷങ്ങളോടെയാണു പ്രധാന തീർഥാടനകേന്ദ്രങ്ങളിൽ ആഘോഷങ്ങൾ പൂർത്തിയായത്.
ആയോധ്യയിലെ പുതിയ ക്ഷേത്രത്തിൽ രാമനവമി ദിനത്തിൽ രാമവിഗ്രഹത്തിൽ സൂര്യതിലകം ചാർത്തുന്ന അത്യപൂർവ ചടങ്ങും നടത്തി. ശ്രീരാമ വിഗ്രഹത്തിന്റെ നെറ്റിയിലേക്ക് സൂര്യരശ്മി നേരിട്ട് പതിപ്പിക്കുകയായിരുന്നു.
കണ്ണാടികളും ലെൻസും ഉപയോഗിച്ചായിരുന്നു തിലകം സജ്ജീകരിച്ചത്. സൂര്യതിലകം അണിഞ്ഞുനിൽക്കുന്ന രാമവിഗ്രഹം കാണുന്നതിനായി ആയിരക്കണക്കിന് ഭക്തരാണ് അയോധ്യയിലെത്തിയത്. തിരക്ക് നിയന്ത്രിക്കാൻ അധികൃതർ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.
സൂര്യതിലകം അണിഞ്ഞുനിൽക്കുന്ന രാമവിഗ്രഹം ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശിച്ചു. കോടിക്കണക്കിന് ജനങ്ങളെപ്പോലെ വികാരനിർഭരമായ നിമിഷമാണിതെന്ന് സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചു. സൂര്യതിലകം നമ്മുടെ ജീവിതത്തിൽ ശക്തിപകരട്ടേയെന്നും രാജ്യത്തെ കീർത്തിയുടെ ഉയരങ്ങളിലെത്തിക്കട്ടേയെന്നും അഭിപ്രായപ്പെടുകയും ചെയ്തു.