മോദി കി ഗാരന്റി: ബിജെപി പ്രകടന പത്രിക പുറത്തിറക്കി
Tuesday, April 16, 2024 2:49 AM IST
ന്യൂഡൽഹി: മോദി കി ഗാരന്റി എന്ന പേരിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഞായറാഴ്ച ബിജെപി പുറത്തിറക്കി. ഡൽഹി ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഏകീകൃത സിവിൽ കോഡ്, പൗരത്വ രജിസ്ട്രേഷൻ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവ നടപ്പിലാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. സ്ത്രീകൾ, പാവപ്പെട്ടവർ, യുവാക്കൾ എന്നിവർക്ക് കൂടുതൽ പ്രാമുഖ്യം നൽകുമെന്ന് 69 പേജുള്ള പ്രകടന പത്രികയിൽ പറയുന്നു. ഇന്ധനവില കുറയ്ക്കുമെന്നും അഴിമതിക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും 6 ജി നടപ്പാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
ആഭ്യന്തരം, സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യസേവനം, വ്യവസായം, ഗ്രാമീണ സന്പദ്വ്യവസ്ഥ എന്നിവ ഉൾപ്പെടെ 14 മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകും. സൗജന്യ റേഷൻ വിതരണവും ആയുഷ്മാൻ ഭാരതിലൂടെയുള്ള മരുന്നു വിതരണവും അഞ്ചു വർഷത്തേക്കുകൂടി തുടരും. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കും. നഗരങ്ങളെ തരംതിരിച്ച് സ്റ്റാർട്ടപ് പദ്ധതി നടപ്പിലാക്കും.
ഇന്ത്യയെ ദേശീയ ശക്തിയാക്കി മാറ്റും. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ഉറപ്പുവരുത്തും. ഇന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുപോയ വിഗ്രഹങ്ങൾ തിരികെ എത്തിക്കും. തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം ആഗോളതലത്തിൽ ആരംഭിക്കും.
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കും. സൈന്യത്തിനു തീയേറ്റർ കമാൻഡന്റ് ആരംഭിക്കും. നാഷണൽ ഫോറൻസിക് മിഷൻ നടപ്പിലാക്കും. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. പൊതുവോട്ടർ പട്ടിക തയാറാക്കും.
ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കും. ഗ്ലോബൽ സ്പേസ് അക്കാഡമി രൂപീകരിക്കും. കാലാവസ്ഥാ പഠനത്തിനായി പദ്ധതി രൂപീകരിക്കും. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാന്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും.
ബുള്ളറ്റ് ട്രെയിൻ പദ്ധതി, മുദ്രാ വായ്പകളുടെ പരിധി ഉയർത്തൽ തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് പ്രകടന പത്രികയിലുള്ളത്.