ഇറാൻ-ഇസ്രയേൽ സംഘർഷം; സംയമനം ആവശ്യപ്പെട്ടതായി ഇന്ത്യ
Tuesday, April 16, 2024 2:08 AM IST
ബംഗളുരു: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം വളരുന്നത് ഇന്ത്യ ആശങ്കയോടെയാണു കാണുന്നതെന്നു വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. സംയമനം പാലിക്കണമെന്ന് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ആഗോളസന്പദ്വ്യവസ്ഥയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഈ മേഖലയിൽ ഒരുകോടിയിലേറെ ഇന്ത്യക്കാരുണ്ട്. എണ്ണയുദ്പാദനം, ആഗോള കപ്പൽ ഗതാഗതം എന്നിവയിലും സംഘർഷം പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരുമായി ടെലിഫോണിൽ സംസാരിക്കുകയായിരുന്നുവെന്നു വിദേശകാര്യമന്ത്രി വിശദീകരിച്ചു.
ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ച് എസ്. ജയശങ്കർ
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ചരക്കുകപ്പലിൽ 17 ഇന്ത്യക്കാരുള്ള പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
ഇസ്രയേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള എംഎസ്സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാൻ വിദേശകാര്യമന്ത്രി എച്ച്. അമിർ അബ്ദുള്ളാഹിയാനുമായി ചർച്ച ചെയ്തതായി ജയശങ്കർ ട്വീറ്റ് ചെയ്തു.
കപ്പലിലെ ഇന്ത്യക്കാരെ സന്ദർശിക്കാൻ ഇന്ത്യൻ പ്രതിനിധികളെ അനുവദിക്കുമെന്ന് ഇറാൻ ഇന്നലെ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു.
കപ്പലിലെ ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ചും മേഖലയിലെ സ്ഥിതിഗതികൾ സംബന്ധിച്ചും ചർച്ച ചെയ്തതായും ജയശങ്കർ അറിയിച്ചു.