രാജ്യസഭാംഗങ്ങളുടെ ആകെ ആസ്തി 19,602 കോടി രൂപ
Saturday, March 2, 2024 12:54 AM IST
ന്യൂഡൽഹി: രാജ്യസഭയിലെ 225 സിറ്റിംഗ് എംപിമാരുടെ ആകെ ആസ്തി 19.602 കോടി രൂപ. 31 എംപിമാർ(14 ശതമാനം) ശതകോടീശ്വരന്മാരാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിംഫോസ്(എഡിആർ) ആണ് ഇക്കാര്യം അറിയിച്ചത്.
233 രാജ്യസഭാംഗങ്ങളിൽ 225 പേരുടെ ആസ്തിയാണ് വിലയിരുത്തിയത്. കാഷ്മീരിലെ നാലും മഹാരാഷ്ട്രയിലെ ഒന്നും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സത്യവാങ്മൂലം ലഭിക്കാത്തതിനാൽ മൂന്ന് എംപിമാരുടെ സ്വത്തുവിവരങ്ങൾ ലഭ്യമല്ല.
രാജ്യസഭാംഗങ്ങളുടെ ശരാശരി ആസ്തി 87.12 കോടി രൂപയാണ്. 25 എംപിമാർ 100 കോടിക്കു മുകളിൽ ആസ്തിയുള്ളവരാണ്. ഇതിൽ ബിജെപിക്കാരാണു മുന്നിൽ -9. വൈഎസ്ആർ കോൺഗ്രസിന്റെ 11 എംപിമാരിൽ അഞ്ചു പേരും ടിആർഎസിന്റെ നാല് എംപിമാരിൽ മൂന്നു പേരും ശതകോടീശ്വരന്മാരാണ്. 90 ബിജെപി എംപിമാരുടെ ശരാശരി ആസ്തി 37.34 കോടി രൂപയാണ്; കോൺഗ്രിന്റെ 28 എംപിമാരുടേത് 40.70 കോടി രൂപയും. അതേസമയം, നാല് ടിആർഎസ് രാജ്യസഭാ എംപിമാരുടെ ശരാശരി ആസ്തി 1383.74 കോടി രൂപയാണ്.
75(33 ശതമാനം) രാജ്യസഭാ എംപിമാർക്കെതിരേ ക്രിമിനൽ കേസുണ്ട്. 40(18 ശതമാനം) പേർക്കെതിരേ കൊലപാതകം, വധശ്രമം എന്നിവ ഉൾപ്പെടെയുള്ള ഗുരുതര ക്രിമിനൽ കേസുകളാണുള്ളത്.
ബിജെപിയുടെ 90 എംപിമാരിൽ 23 ശതമാനം പേർക്കെതിരേയും കോൺഗ്രസിന്റെ 28 എംപിമാരിൽ 50 ശതമാനം പേർക്കെതിരേയും ക്രിമിനൽ കേസുണ്ട്. സിപിഎമ്മിന്റെ അഞ്ച് എംപിമാരിൽ നാലു പേർക്കെതിരേയും ക്രിമിനൽ കേസുണ്ട്. ഇതിൽ രണ്ടു പേർക്കെതിരേ ഗുരുതര ക്രിമിനൽ കേസുകളാണുള്ളത്.