രണ്ടായിരത്തിന്റെ നോട്ട് മാറാൻ ഒരാഴ്ചകൂടി സമയം
Sunday, October 1, 2023 1:33 AM IST
ന്യൂഡൽഹി: രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി അടുത്ത ശനിയാഴ്ചവരെ ദീർഘിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുകൾ മാറുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ നടത്തിയ വിലയിരുത്തലിലാണ് തീരുമാനം.
രണ്ടായിരം രൂപയുടെ 3.42 ലക്ഷം കോടി രൂപ മൂല്യംവരുന്ന കറൻസികളാണ് രാജ്യത്തു പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ 96 ശതമാനവും തിരികെയെത്തിയെന്ന് റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
മുഴുവൻ കറൻസികളും തിരിച്ചെത്തിയേക്കുമെന്ന വിലയിരുത്തലിലാണ് സമയം നീട്ടിയത്. 2,000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി കഴിഞ്ഞ മേയ് 19 നാണു റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ക്ലീൻ നോട്ട് നയത്തിന്റെ ഭാഗമായായിരുന്നു തീരുമാനം.