യുപിയിൽ കുത്തിവയ്പ് മാറി നൽകിയ പെണ്‍കുട്ടി മരിച്ചു
Saturday, September 30, 2023 1:28 AM IST
ന്യൂഡൽഹി: ഇഞ്ചക്ഷൻ മാറി നൽകിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ സ്വകാര്യ ആശുപത്രിയിൽ പതിനേഴുകാരി മരിച്ചു. ഗിരുരിലെ കർഹൽ റോഡിലുള്ള രാധ സ്വാമി ആശുപത്രിയിലായിരുന്നു സംഭവം. പനിയെത്തുടർന്നാണ് പെണ്‍കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചത്.
ഡോക്ടർ ഇഞ്ചക്ഷൻ നൽകിയശേഷമാണു പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതെന്ന് ബന്ധുക്കൾ പറഞ്ഞു. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടർ അറിയിക്കുന്പോഴേക്കും മരിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവം നടന്നശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിക്കു പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനു മുകളിൽ വച്ചശേഷം ഡോക്ടറും ആശുപത്രി ജീവനക്കാരും സ്ഥലംവിട്ടു. പ്രതിഷേധം ഭയന്നാണ് ഇവർ രക്ഷപ്പെട്ടത്.