മണിപ്പുരിലേക്ക് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്
Friday, September 29, 2023 3:08 AM IST
ന്യൂഡൽഹി: മണിപ്പുരിൽ കലാപം ശമിക്കാത്ത സാഹചര്യത്തിൽ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. മണിപ്പുർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും ഇപ്പോൾ ശ്രീനഗർ സീനിയർ പോലീസ് സൂപ്രണ്ടുമായ രാകേഷ് ബൽവാളിനു ക്രമസമാധാനച്ചുമതല നൽകിയാണു പുതിയ നീക്കം. 2021 ലാണ് രാകേഷ് ശ്രീനഗർ സീനിയർ പോലീസ് സൂപ്രണ്ടായി ചുമതലയേറ്റത്.
ദേശീയ അന്വേഷണ ഏജൻസിയിൽ പ്രവർത്തിച്ച ഇദ്ദേഹം പുൽവാമ ഭീകരാക്രമണം അന്വേഷിച്ച സംഘത്തിന്റെ ഭാഗമായിരുന്നു. രാകേഷ് ബൽവാളിനെ ജമ്മു-കാഷ്മീരിലെ ഡെപ്യൂട്ടേഷനിൽനിന്ന് മണിപ്പുരിലേക്ക് തിരിച്ചയയ്ക്കാനുള്ള നിർദേശത്തിന് മന്ത്രിസഭയുടെ നിയമനസമിതി അംഗീകാരം നൽകിയതായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞു.
മണിപ്പുരിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടതായി തെളിഞ്ഞതോടെ വീണ്ടും സംഘർഷാവസ്ഥ ഉരുണ്ടുകൂടുന്ന പശ്ചാത്തലത്തിലാണു കേന്ദ്രത്തിന്റെ നീക്കം.
ജൂലൈയിൽ കാണാതായ രണ്ടു വിദ്യാർഥികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ചൊവ്വാഴ്ച മണിപ്പുരിൽ വീണ്ടും ആക്രമണമുണ്ടായി. സംസ്ഥാനത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചതിനു തൊട്ടുപിന്നാലെയാണ് വിദ്യാർഥികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ജൂലൈ ആറിന് ഇരുവരും ഒളിച്ചോടിയതാകാമെന്നും രക്ഷപ്പെടുന്നതിനിടെ കുടുങ്ങിയതാകാമെന്നും പ്രാഥമിക അന്വേഷണത്തിൽ പോലീസ് അറിയിച്ചു. അവിടെനിന്ന് അവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ പ്രദേശവാസികളും വിദ്യാർഥികളുമുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ബുധനാഴ്ച രാത്രി ഉറിപോക്ക്, യൈസ്കുൽ, സഗോൽബന്ദ്, തേര പ്രദേശങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മുപ്പതോളം പേർക്കു പരിക്കേറ്റു. വിദ്യാർഥികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇംഫാലിൽ ഇന്നലെ നൂറുകണക്കിന് വിദ്യാർഥികൾ പ്രകടനം നടത്തി.
അക്രമാസക്തരായ വിദ്യാർഥികളും പ്രതിഷേധക്കാരും ബുധനാഴ്ച രാത്രി തൗബൽ ജില്ലയിലെ ബിജെപി ഓഫീസ് അഗ്നിക്കിരയാക്കി. പ്രതിഷേധക്കാർ ഇന്ത്യ-മ്യാൻമർ ഹൈവേ ഉപരോധിക്കുകയും ചെയ്തു.