ഡോ. മൻമോഹൻ സിംഗിന് 91-ാം പിറന്നാൾ
പ്രത്യേക ലേഖകൻ
Wednesday, September 27, 2023 5:26 AM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് 91-ാം പിറന്നാൾ. ഡോ. മൻമോഹൻസിംഗിന് ആശംസ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ ദീർഘായുസിനായി പ്രാർഥിക്കുന്നതായും പറഞ്ഞു. മോദിക്കു പുറമെ, രാഷ്ട്രപതി ദൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, കോണ്ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും ടെലിഫോണിൽ വിളിച്ചു മൻമോഹന് പിറന്നാൾ മംഗളങ്ങൾ നേർന്നു.
നേരിട്ടെത്തി ആശംസ നേരാനൊരുങ്ങിയ ഉപരാഷ്ട്രപതി, മുതിർന്ന കോണ്ഗ്രസ് നേതാക്കൾ എന്നിവരോടെല്ലാം വീട്ടിലേക്കു വരരുതെന്ന് മൻമോഹൻ അഭ്യർഥിച്ചു. ആളുകളെ സ്വീകരിക്കാനുള്ള ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തായിരുന്നു ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക് അതിഥികളോടു വരരുതെന്ന് അഭ്യർഥിച്ചത്. എങ്കിലും ടെലിഫോണിൽ പ്രധാന നേതാക്കളുമായി സംസാരിച്ചു. ഭാര്യയും മക്കളും കൊച്ചുമക്കളും മാത്രമായിരുന്നു ലളിതമായ പരിപാടിക്കുണ്ടായിരുന്നത്.
രാജ്യസഭാംഗമായ ഡോ.മൻമോഹൻസിംഗ്, കഴിഞ്ഞയാഴ്ച പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. 1991ൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയും പിന്നീട് 2004 മുതൽ തുടർച്ചയായി പത്തു വർഷം പ്രധാനമന്ത്രിയുമായിരുന്ന മൻമോഹന്റെ നയങ്ങളാണ് ഇന്ത്യയെ ആഗോള സാന്പത്തിക ശക്തിയായി ഉയർത്തിയത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം സോണിയാ ഗാന്ധിയെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തെങ്കിലും അവർ പിന്മാറി മൻമോഹന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദേശിച്ചതാണ് ഇന്ത്യയുടെ ചരിത്രം മാറ്റിയത്.
ദുർബലനായ പ്രധാനമന്ത്രിയെന്നു വിളിച്ച് ബിജെപി ആക്ഷേപിച്ചിരുന്നെങ്കിലും അമേരിക്കയുമായുള്ള ആണവോർജ കരാർ നടപ്പാക്കുന്നതടക്കം ഉറച്ച തീരുമാനങ്ങളെടുത്ത് ആക്ഷേപങ്ങളെ അദ്ദേഹം സൗമ്യമായി തള്ളിയിരുന്നു. നരേന്ദ്ര മോദിയുടെ നോട്ടു നിരോധനത്തിനെതിരേ മൻമോഹൻ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതു രാജ്യത്തിന്റെ സാന്പത്തികനിലയെ അപകടത്തിലാക്കുകയും ചെയ്തു.