ഇഡിയുടെ സവിശേഷ അധികാരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രീംകോടതി
സെബിൻ ജോസഫ്
Wednesday, September 27, 2023 5:26 AM IST
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സവിശേഷ അധികാരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രീംകോടതി. ഇഡിക്ക് പ്രത്യേക അധികാരങ്ങൾ അനുവദിച്ചുനൽകിയ 2022ലെ സുപ്രീംകോടതിയുടെതന്നെ വിധി പുനഃപരിശോധിക്കാൻ ഇന്നലെ മൂന്നംഗ ബെഞ്ച് രൂപീകരിച്ചു.
ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗർ, സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി എന്നിവരാണ് ബെഞ്ചിലുള്ളത്. ഒക്ടോബർ 18 മുതൽ ബെഞ്ച് വാദം കേൾക്കും. ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് ഇഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇഡിയുടെ സവിശേഷ അധികാരം അടിവരയിട്ടു നൽകിയ കള്ളപ്പണം വെളുപ്പിക്കൽ നിയമ (പിഎംഎൽഎ)വുമായി ബന്ധപ്പെട്ട് 2022 ലെ വിജയ് മദൻലാൽ ചൗധരി കേസിന്റെ വിധിയാണ് പുനഃപരിശോധിക്കുന്നത്. അറസ്റ്റ്, കണ്ടുകെട്ടൽ, റെയ്ഡ് എന്നിവയിൽ ഇഡിക്കു പരമാധികാരം നൽകിയ സുപ്രീംകോടതി വിധിക്കെതിരേ വിമർശനമുയർന്നിരുന്നു.
2017 നവംബറിൽ ജസ്റ്റീസുമാരായ രോഹിണ്ടണ് നരിമാൻ, സഞ്ജയ് കിഷൻ കൗർ എന്നിവർ പിഎംഎൽഎ നിയമത്തിലെ 45 (1) വകുപ്പ് റദ്ദാക്കി ജാമ്യത്തിനായി രണ്ട് അധിക വ്യവസ്ഥകൾ ഏർപ്പെടുത്തിയിരുന്നു. 2022 ജൂലൈയിൽ ജസ്റ്റീസുമാരായ എ.എം. ഖൻവീക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വിജയ് മദൻലാൽ ചൗധരി കേസിൽ ഈ രണ്ടു വ്യവസ്ഥകൾ റദ്ദാക്കി. കൂടാതെ, അറസ്റ്റ്, കണ്ടുകെട്ടൽ, പരിശോധന എന്നിവയ്ക്ക് ഇഡിക്കു കൂടുതൽ അധികാരം നൽകുന്ന പിഎംഎൽഎ നിയമത്തിലെ 5, 8(4), 15, 17, 19 എന്നീ വകുപ്പുകൾക്ക് ഭരണഘടനാപരമായ സാധുത നൽകുകയും ചെയ്തു.
പിഎംഎൽഎ കേസുകളിൽ ഇസിഐആർ കുറ്റാരോപിതർക്കു നൽകേണ്ട കാര്യമില്ലെന്നും അത് ആഭ്യന്തരരേഖയാണെന്നും പോലീസിന്റെ എഫ്ഐആറിനു സമമല്ലെന്നും നിരീക്ഷിച്ചു. വിധിക്കെതിരേ നിരവധി പുനഃപരിശോധനാഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തുകയും ചെയ്തു. പിഎംഎൽഎ കേസിലെ 2022 ജൂലൈയിലെ വിധി നിർഭാഗ്യകരമായിപ്പോയെന്ന് റിട്ട. ജസ്റ്റീസ് രോഹിണ്ടണ് നരിമാൻ മാർച്ചിൽ പറഞ്ഞിരുന്നു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് യു.യു. ലളിതും സമാന അഭിപ്രായം പ്രകടിപ്പിച്ചു.
2022 ഓഗസ്റ്റിൽ അന്നത്തെ ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വിധിയിലെ രണ്ടു പ്രധാന ഭാഗങ്ങൾ പുനഃപരിശോധിക്കണമെന്ന് നിരീക്ഷിച്ചിരുന്നു. എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) കുറ്റാരോപിതർക്കു നൽകേണ്ടെന്നും നിരപരാധിത്വം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾ പുനഃപരിശോധിക്കേണ്ടതാണെന്നുമാണ് നിരീക്ഷിച്ചത്.