വിവാദമായി ബിജെപി എംപിയുടെ വർഗീയ പരാമർശം
സ്വന്തം ലേഖകൻ
Saturday, September 23, 2023 2:03 AM IST
ന്യൂഡൽഹി: ലോക്സഭയിൽ ബിജെപി എംപി രമേശ് ബിധുരി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശം വിവാദമായി. ബിഎസ്പി എംപിയായ ഡാനിഷ് അലിക്കെതിരേയാണ് ബിധുരി കഴിഞ്ഞദിവസം പാർലമെന്റിൽ വച്ച് അപകീർത്തി പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ പാർലമെന്റിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ചു. എംപിക്ക് ബിജെപി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
ഡാനിഷ് അലി തീവ്രവാദിയാണെന്നു പറഞ്ഞ രമേശ് ബിധുരി തികച്ചും മോശമായ അധിക്ഷേപമാണ് ലോക്സഭയിൽ നടത്തിയത്. ബിധുരിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തെത്തിയതിനെ തുടർന്ന് സഭാനടപടികൾക്ക് അധ്യക്ഷത വഹിച്ചിരുന്ന കോണ്ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ഇടപെട്ടിരുന്നു.
എംപിയോട് സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ട കൊടിക്കുന്നിൽ സുരേഷ്, ബിധുരിയുടെ പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് ഒഴിവാക്കിയെന്ന് ഉറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും പിന്നീട് അറിയിച്ചു. താൻ ഈ പരാമർശം കേട്ടില്ലെന്നും പാർലമെന്റംഗം നടത്തിയ പരാമർശം പ്രതിപക്ഷത്തെ വേദനിപ്പിച്ചെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഡാനിഷ് അലിയെ ആശ്വസിപ്പിച്ച് രാഹുൽ
കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും ബിഎസ്പി എംപി ഡാനിഷ് അലിയെ ഡൽഹിയിലെ വസതിയിലെത്തി പിന്തുണയറിയിച്ചു. അലിയെ ആലിംഗനം ചെയ്യുന്ന ഫോട്ടോ രാഹുൽ ഗാന്ധി ‘നഫ്രത് കെ ബസാർ മേ, മൊഹബത് കി ദുക്കാൻ’ (വിദ്വേഷം വിൽക്കുന്ന ചന്തയിലെ സ്നേഹത്തിന്റെ കട) എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ പങ്കിട്ടത്.