സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത മണിപ്പുരി നടിക്കു വിലക്ക്
Thursday, September 21, 2023 12:30 AM IST
ഇംഫാൽ: മണിപ്പുർ കലാപത്തിന്റെ തുടർചലനങ്ങൾ സാംസ്കാരിക രംഗത്തേക്കും. കലാപ സാഹചര്യത്തിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തുവെന്ന കുറ്റത്തിനു മണിപ്പുർ സിനിമയുടെ പ്രധാനമുഖങ്ങളിലൊന്നായ നടി സോമ ലൈസ്രാമിനു ഇംഫാൽ കേന്ദ്രീകരിച്ചുള്ള സംഘടനകൾ മൂന്നുവർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ 18 ന് ഡൽഹിയിൽ നടന്ന മൈ ഹോം ഇന്ത്യ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതാണ് വിലക്കിന് കാരണമായി പറയുന്നത്.
മൈ ഹോം ഇന്ത്യ മത്സരത്തിൽ പങ്കെടുക്കരുതെന്ന് കൻഗ്ലേയ്പാക്ക് കൻബ ലൂപ് (കെകെഎൽ) എന്ന സംഘടന നടിക്കു മുന്നറിയിപ്പ് നൽകിയിരുന്നു. നടിയുടേത് ക്രിമിനൽ കുറ്റമാണെന്നും മണിപ്പുരിനെ ഒരു സാധാരണ സംസ്ഥാനമായി അവതരിപ്പിക്കാനും ഇതുവഴി ശ്രമം നടന്നുവെന്നാണ് സംഘടനയുടെ ആരോപണം.
അതേസമയം തെറ്റുചെയ്തിട്ടില്ലെന്നും വിലക്കിൽ കടുത്ത നിരാശയുണ്ടെന്നും സമൂഹമാധ്യമത്തിലെ വീഡിയോയിൽ നടി പറഞ്ഞു. കലാകാരിയെന്ന നിലയിലും സമൂഹത്തിൽ സ്വാധീനം ചെലത്താൻ കഴിയുന്ന വ്യക്തിയെന്ന നിലയിലും അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ട്.
ഒരുവിഭാഗത്തേയും ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചിട്ടില്ലെന്നും സധൈര്യം മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. അതേസമയം നടിയെ വിലക്കിയ സംഭവത്തിനെതിരേ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് കടുത്ത വിമർശനം ഉയരുന്നുണ്ട്.