മണിപ്പുർ: സമാധാനസമിതി രൂപീകരിച്ചു
Sunday, June 11, 2023 12:24 AM IST
ന്യൂഡൽഹി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഗവർണർ അനുസൂയ യുകെയ്യുടെ അധ്യക്ഷതയിലുള്ള സമാധാനസമിതിക്കു കേന്ദ്രസർക്കാർ രൂപം നൽകി. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, ഏതാനും മന്ത്രിമാരും എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷിനേതാക്കൾ എന്നിവരാണ് കമ്മിറ്റിയിലുള്ളതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.
സംഘർഷത്തിൽ ഇരുഭാഗത്തുമായി നിൽക്കുന്ന കക്ഷികളുമായി ചർച്ചകളിലൂടെ പ്രശ്നപരിഹാരം തേടുകയെന്നതാണ് സമാധാനസമിതിയുടെ പ്രധാന ചുമതല. സാമൂഹികമായ ഒത്തുചേരലിന് അവസരമൊരുക്കുന്നതിനൊപ്പം ജനങ്ങൾക്കിടയിൽ പരസ്പരവിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും സൗഹാർദം വളർത്തുന്നതിനും ആവശ്യമായ കർമപരിപാടികൾ സമിതി തയാറാക്കും. സമാധാനസമിതി രൂപീകരിക്കുമെന്ന് മണിപ്പുർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ഇംഫാലിലെത്തി മുഖ്യമന്ത്രി ബിരേൻ സിംഗുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഹിമന്ത ശർമ പറഞ്ഞു. അതിനിടെ, സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനം ഈ മാസം 15 വരെ നീട്ടി.