ചാറ്റ്ജിപിടി സ്ഥാപകൻ ഇന്ത്യയിൽ: മോദിയുമായി കൂടിക്കാഴ്ച നടത്തി
Saturday, June 10, 2023 12:14 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചാറ്റ്ജിപിടി സ്ഥാപകൻ സാം ആൾട്ട്മാൻ. നിർമിതബുദ്ധിയിൽ രാജ്യത്തിന്റെ മുന്‍പിലുള്ള അവസരങ്ങൾ, നടപ്പാക്കേണ്ട കാര്യങ്ങൾ എന്നിവ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തുവെന്ന് സാം ആൾട്ട്മാൻ പറഞ്ഞു.
ഡൽഹി ഐഐടിയിൽ പ്രഭാഷണം നടത്താനെത്തിയതായിരുന്നു അദ്ദേഹം. നിർമിതബുദ്ധി സോഫ്റ്റ്വെയറായ ചാറ്റ് ജിപിടി പുറത്തിറക്കുന്നതിന് എട്ടു മാസം നീണ്ട സുരക്ഷാ പരിശോധനയാണു നടത്തിയതെന്ന് ആൾട്ട്മാൻ പറഞ്ഞു.
ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമിത ബുദ്ധി (എഐ) അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി ചാറ്റ്ബോട്ടിന്റെ സ്രഷ്ടാക്കളായ ഓപ്പണ്‍ എഐയുടെ വെബ്സൈറ്റിന് പ്രതിമാസം 100 കോടി സന്ദർശകരാണുള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന 50 സൈറ്റുകളിൽ ഒന്നായും ഏറ്റവും വേഗത്തിൽ വളരുന്ന വെബ്സൈറ്റായും ചാറ്റ്ജിപിടി മാറിയിട്ടുണ്ട്.