റഷ്യയിൽ കുടുങ്ങിയ എയർ ഇന്ത്യ വിമാനം സാൻഫ്രാൻസിസ്കോയിലെത്തി
Friday, June 9, 2023 1:05 AM IST
മുംബൈ/സാൻഫ്രാൻസിസ്കോ: കിഴക്കൻ റഷ്യയിലെ മഗദാനിൽ അടിയന്തര ലാൻഡിംഗ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ, എയർ ഇന്ത്യ പകരം ഏർപ്പെടുത്തിയ പുതിയ വിമാനത്തിൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെത്തി. പ്രാദേശിക സമയം രാവിലെ 10.27നാണു വിമാനം മഗദാനിൽനിന്നു പറയുന്നയർന്നത്.
216 യാത്രക്കാരും 16 ജീവനക്കാരുമുള്ള വിമാനം ചൊവ്വാഴ്ചയാണ് എൻജിൻ തകരാറിനെത്തുടർന്ന് മഗദാനിൽ ഇറക്കിയത്. ഇവരെ സമീപത്തെ സ്കൂളിലും ഡോർമിറ്ററിയിലുമായാണു പാർപ്പിച്ചത്. ഡൽഹിയിൽനിന്നു പുറപ്പെട്ട് 56 മണിക്കൂറിനുശേഷമാണു യാത്രക്കാർ അമേരിക്കയിലെത്തിയത്.
യാത്രക്കാർക്കു വിമാനടിക്കറ്റ് നിരക്ക് തിരികെ നല്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതുകൂടാതെ എയർ ഇന്ത്യയിൽ ഭാവിയാത്രയ്ക്കായി ഒരു വൗച്ചറും നല്കും.