മണിപ്പുരിൽ ഞായറാഴ്ച കലാപകാരികൾ എട്ടുവയസുകാരനെയും അമ്മയെയും ബന്ധുവിനെയും ആംബുലൻസിൽ തീവച്ചു കൊന്നു. വെസ്റ്റ് ഇംഫാൽ ജില്ലയിലെ ഇറോസെംബയിലായിരുന്നു സംഭവം. വെടിവയ്പിനിടെ തലയ്ക്കു പരിക്കേറ്റ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകവേയായിരുന്നു ജനക്കൂട്ടം ആക്രമിച്ചത്.
ടോൺസിംഗ് ഹാംഗ്സിംഗ്(എട്ട്), അമ്മ മീന ഹാംഗ്സിംഗ്(45), ബന്ധു ലിഡിയ ലൂറെബാം(37) എന്നിവരാണു കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരന്റെ മകനാണ് ടോൺസിംഗ്. അതേസമയം കുട്ടിയുടെ അമ്മ മീന മെയ്തെയ് വിഭാഗക്കാരിയാണ്. കാംഗ്ചുപിലെ ആസാം റൈഫിൾസ് ക്യാന്പിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.