ബാലസോർ: മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്കു പോകാൻ ഭയന്ന് വിദ്യാർഥികൾ
Friday, June 9, 2023 1:05 AM IST
ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ട്രെയിൻദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ബാഹനാഗ ഹൈസ്കൂളിലേക്കു പോകാൻ ഭയന്ന് വിദ്യാർഥികൾ. ജൂൺ രണ്ടിന് അപകടമുണ്ടായ ഉടൻ, അറുപത്തിയഞ്ചു വർഷം പഴക്കമുള്ള സ്കൂൾ താത്കാലിക മോർച്ചറിയായി മാറ്റുകയായിരുന്നു.
ജൂൺ 16നാണ് സ്കൂൾ വീണ്ടും തുറക്കുന്നത്. പഴക്കമുള്ള സ്കൂൾ കെട്ടിടം പൊളിച്ചു പുതിയതു നിർമിക്കണമെന്നു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി(എസ്എംസി) സർക്കാരിനോട് ആവശ്യപ്പെട്ടു. ചെറിയ കുട്ടികൾ ഭയന്നിരിക്കുകയാണെന്ന് ബാഹനാഗ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീണ സ്വെയിൻ പറഞ്ഞു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പൂജകൾ നടത്തണമെന്നു ഹെഡ്മിസ്ട്രസ് നിർദേശിച്ചു. അതേസമയം, മുതിർന്ന വിദ്യാർഥികളും സ്കൂളിലെ എൻസിസി കേഡറ്റുകളും രക്ഷാദൗത്യത്തിൽ പങ്കാളികളായെന്ന് ഹെഡ്മിസ്ട്രസ് ചൂണ്ടിക്കാട്ടി.
ബാലസോർ ജില്ലാ കളക്ടർ ദത്താത്രേയ ഭാവുസാഹെബ് ഷിൻഡെ ഇന്നലെ സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടതോടെ വിദ്യാർഥികൾ ഭയന്നിരിക്കുകയാണെന്നും സ്കൂളിൽ പോകാൻ അവർ മടിക്കുകയാണെന്നു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിഅംഗം കളക്ടറോടു പറഞ്ഞു.
മൃതദേഹങ്ങൾ ഭുവനേശ്വറിലേക്കു മാറ്റുകയും സ്കൂൾ കാംപസ് ശുചീകരിക്കുകയും ചെയ്തെങ്കിലും വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും ഭീതിയൊഴിയുന്നില്ല. "ഞങ്ങളുടെ സ്കൂൾ കെട്ടിടത്തിൽ നിരവധി മൃതദേഹങ്ങൾ സൂക്ഷിച്ചതു മറക്കാൻ കഴിയുന്നില്ല'-ഒരു വിദ്യാർഥി പറഞ്ഞു.
മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആദ്യം മൂന്നു ക്ലാസ് മുറികളാണ് എസ്എംസി അനുവദിച്ചത്. തുടർന്ന് ജില്ലാ ഭരണകൂടം മൃതദേഹങ്ങൾ സൂക്ഷിക്കാനും തിരിച്ചറിയാനും സ്കൂളിലെ ഓപ്പൺ ഹാൾ ഉപയോഗിക്കുകയായിരുന്നു.