ഒഡീഷ ട്രെയിൻ ദുരന്തം: ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഫോൺ സിബിഐ പിടിച്ചെടുത്തു
Thursday, June 8, 2023 3:21 AM IST
ഭുവനേശ്വർ: ബഹനഗ ട്രെയിൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം അപകടംനടന്ന ദിവസം ജോലിയിലുണ്ടായിരുന്ന ചില റെയിൽവേ ജീവനക്കാരുടെ ഫോൺ പിടിച്ചെടുത്തു.
ദുരന്തം നടന്ന പ്രദേശത്തെ റെയിൽവേ മെയിൻ ലൈനിലും ലൂപ്പ് ലൈനിലും സിബിഐ സംഘവും ഫോറൻസിക്, ടെക്നിക്കൽ സംഘവും പരിശോധന നടത്തി. അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ചില ജീവനക്കാരുടെ ഫോൺ പിടിച്ചെടുത്ത സംഘം കോൾ റിക്കാർഡുകൾ, വാട്ട്സ്ആപ് കോൾ, മെസേജ്, സമൂഹമാധ്യമ ഉപയോഗം എന്നിവ പരിശോധിച്ചു.
ബുധനാഴ്ച ബഹനാഗ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച അന്വേഷണം സംഘം 45 മിനിറ്റ് സ്റ്റേഷനിൽ ചെലവഴിച്ച് തെളിവുകൾ ശേഖരിച്ചു. മെയിൻ ലൈൻ, ലൂപ്പ് ലൈൻ, കൺട്രോൾ റൂം എന്നിവ പരിശോധിച്ചു. റെയിൽവേ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് അപകടത്തിൽ സിബിഐ അന്വേഷണം നടത്തുന്നത്. റെയിൽവേ സേഫ്റ്റി കമ്മീഷനും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
സിബിഐ അന്വേഷണം നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണെന്നും അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്നും ഒഡീഷ കോൺഗ്രസ് നിയമസഭാ കക്ഷിനേതാവ് നരസിംഹ മിശ്ര ആവശ്യപ്പെട്ടു. ഇതിനിടെ, മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കൾ ഭുവനേശ്വർ എയിംസിൽ എത്തണമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു.