മണിപ്പുർ സംഘർഷം : ദേവാലയങ്ങൾ തകർത്തതിൽ അന്വേഷണം വേണമെന്ന് തോമസ് ചാഴികാടൻ
Wednesday, June 7, 2023 12:49 AM IST
ന്യൂഡൽഹി: മണിപ്പുർ സംഘർഷത്തിൽ ക്രൈസ്തവ ആരാധനാലയങ്ങൾ വ്യാപകമായി തകർക്കപ്പെട്ട സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തയച്ച് തോമസ് ചാഴികാടൻ എംപി.
മണിപ്പുരിലെ ക്രൈസ്തവ ആരാധനാലയങ്ങളുടെ കൂട്ടായ്മയായ ചുരാചന്ദ്പുർ ഡിസ്ട്രിക്ട് ക്രിസ്ത്യൻസ് ഗുഡ്വിൽ കൗണ്സിലിന്റെ റിപ്പോർട്ടിൽ മേയ് പത്തു വരെയുള്ള കണക്കുകളനുസരിച്ച് 121 ക്രിസ്ത്യൻ പള്ളികളാണ് തകർക്കപ്പെട്ടത്.
അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും ആരാധനാലയങ്ങൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്താതിരുന്ന മണിപ്പുരിലെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയും സമയബന്ധിതമായ അന്വേഷണം നടത്തണമെന്നും തോമസ് ചാഴികാടൻ കത്തിൽ ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ ഗുഡ്വിൽ കൗണ്സിലിന്റെ റിപ്പോർട്ടും കത്തിൽ ചേർത്തിട്ടുണ്ട്. മണിപ്പുർ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ഇഖ്ബാൽ സിംഗ് ലാൽപുരയ്ക്കും തോമസ് ചാഴികാടൻ കത്ത് നൽകിയിരുന്നു.